എറണാകുളം : ശക്തമായ മഴ തുടരുന്നതിനാൽ കണയന്നൂർ താലൂക്കിൽ അടിയന്തര യോഗം ചേർന്നു . ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത് . നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക് തലത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു .

നഗര പ്രദേശത്തു വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. സ്ഥിരം വെള്ളപൊക്കം ബാധിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിലുള്ളവർക്കായി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ക്യാമ്പ് സജ്ജീകരിക്കും.

അടിയന്തര സാഹചര്യം ഉണ്ടായാൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്താൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എൽ എ ഡെപ്യൂട്ടി കളക്ടർ
പി.ബി. സുനിൽലാൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കണയന്നൂർ തഹസിൽദാർ രഞ്‌ജിത്ത് ജോർജ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ , ഇടപ്പള്ളി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, വില്ലേജ് ഓഫീസർമാർ , കെ എസ് ഇ ബി , അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .