എളവള്ളി ഗ്രാമപഞ്ചായത്തിൽ പറയ്ക്കാട് ചേലൂർകുന്നിൽ ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കുന്നതിന് അനുമതിയായി. ആയുർവ്വേദ ഡിസ്പെൻസറിയോട് ചേർന്നുള്ള 15 സെൻ്റ് സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. 2020-21 വർഷത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ കീഴിൽ ഇരുപത് പഞ്ചായത്തുകളിലാണ് പാർക്ക് അനുവദിച്ചിട്ടുള്ളത്. തൃശൂർ ജില്ലയിൽ ജൈവ വൈവിധ്യ പാർക്ക് വരുന്ന ഏക ഗ്രാമപഞ്ചായത്താണ് എളവള്ളി. 5 ലക്ഷം രൂപയാണ് പാർക്കിനായി വകയിരുത്തിയിട്ടുള്ളത്.

പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പദ്ധതിയുടെ ഭാഗമായി ശലഭോദ്യാനം, ജൈവവൈവിധ്യ സസ്യ ശേഖരം, റീഡിങ് ഏരിയ, ഇരിപ്പിടങ്ങൾ, ജൈവവേലി, നടപ്പാത, പ്രവേശനകവാടം, ഔഷധസസ്യങ്ങൾ, പ്രകൃതിസൗഹൃദ ബാംബൂ പ്ലൈ ബോർഡുകൾ, പറവകൾക്ക് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. കൂടാതെ നക്ഷത്രവൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, പൂക്കൾ നൽകുന്ന മരങ്ങൾ, കുറ്റിച്ചെടികൾ എന്നിവയുമുണ്ടാകും.

പഞ്ചായത്ത് തല ജൈവവൈവിധ്യ പരിപാലന സമിതിക്കാണ് പാർക്കിൻ്റെ സംരക്ഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാദേശിക ടൂറിസം, പരിസ്ഥിതി സൗഹാർദ്ദ ബോധം എന്നിവ പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വളർത്തുന്നതിന് ജൈവവൈവിധ്യ പാർക്ക് കൊണ്ട് സാധിക്കുമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.