മാഞ്ചീരി കോളനിയിലെ റേഷൻ കാർഡ്‌ ഇല്ലാത്ത കുടുംബങ്ങൾക്ക് രണ്ടാഴ്ചക്കുള്ളിൽ റേഷൻ കാർഡ്‌ നൽകുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹന്‍കുമാർ. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദ്ദേശം നൽകി. നിലമ്പൂർ താലൂക്കിലെ കരുളായി മാഞ്ചീരി പട്ടിക വർഗ കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിയിലെ ഭക്ഷ്യ ഭദ്രതാ പരിപാടികൾ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നുവെന്ന് ഉറപ്പ്‌ വരുത്തുവാനാണ് കമ്മീഷൻ സന്ദർശനം നടത്തിയത്‌.

ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട 76 കുടുംബങ്ങളാണ് മാഞ്ചീരിയിലുള്ളത്. ഇതില്‍ 36 കുടുംബങ്ങൾക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. ആധാര്‍ ഇല്ലാതെ റേഷൻ കാര്‍ഡ് നല്‍കാന്‍ പ്രയാസമായുള്ളതെന്നതിനാല്‍ ഉടന്‍ തന്നെ ക്യാമ്പ് നടത്തി ആധാർ ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്കായി കോളനിയിൽ ഏകാധ്യാപക വിദ്യാലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകുമെന്നും കമ്മീഷൻ അറിയിച്ചു. കോളനി നിവാസികളോട് പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് പരിഹാരം ഉറപ്പ്‌ നൽകിയാണ് കോളനികളിൽ നിന്ന് മടങ്ങിയത്.

പ്രളയത്തിൽ പൂർണമായും നശിച്ച മുണ്ടക്കടവ് കോളനിയിലെ കുടുംബങ്ങൾ താത്കാലികമായി താമസിക്കുന്ന വട്ടിക്കല്ല് കോളനിയും കമ്മീഷൻ സന്ദർശിച്ചു. കാട്ടുനായ്ക്കർ വിഭാഗത്തിൽ പെട്ട 22 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്‌.

ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ വി. രമേഷ്, അഡ്വ. പി. വസന്തം, എം.വിജയ ലക്ഷ്മി, എ.ഡി എൻ.എം മെഹറലി, കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, തഹസില്‍ദാര്‍ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബഷീര്‍, താലൂക്ക് സപ്ലൈ ഓഫീസർ കെ. ഉണ്ണിക്കോമു, വാര്‍ഡ് അംഗം ഇ.കെ അബ്ദുറഹിമാന്‍, എ.ഇ.ഒ മോഹന്‍ദാസ്, കരുളായി വനം റെയ്‌ഞ്ചോഫീസര്‍ എം.എന്‍ നജ്മല്‍ അമീന്‍, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എം. ഷമീന, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ. എൻ സുനിൽ തുടങ്ങിയവർ കോളനികളിൽ സന്ദർശനം നടത്തി.