കൊല്ലം: ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ‘അ’ എന്ന് കൈപിടിച്ച് എഴുതിച്ച് അഫ്ര എന്ന കുഞ്ഞ് മിടുക്കിയെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മലയാളം സ്വായത്തമാക്കിയ കലക്ടര്‍ ‘ഹരിശ്രീ’ കൂടി ചൊല്ലി എഴുതിച്ചാണ് വിദ്യാരംഭദിനത്തിലെ കൗതുകക്കാഴ്ചയായി മാറിയത്. ചന്ദനത്തോപ്പ് സ്വദേശികളായ അഫ്‌സല്‍, അല്‍ഫിയ ദമ്പതികള്‍ മകള്‍ അഫ്ര ഇഷാനെ കലക്ടര്‍ തന്നെ എഴുത്തിനിരുത്തണമെന്ന ആഗ്രഹവുമായി സമീപിക്കുകയായിരുന്നു.
ഔദ്യോഗിക വസതിയില്‍ ലളിതമായിട്ടാണ് ചടങ്ങ് നടത്തിയത്. ചടങ്ങിന്റെ ചിട്ടവട്ടങ്ങളൊക്കെ ചോദിച്ചറിഞ്ഞ് പരമ്പരാഗത രീതിയില്‍ നിലത്തിരുന്നാണ് അക്ഷരം എഴുതിച്ചത്. ജീവിതവഴിയിലെ വിജയത്തുടക്കമാകട്ടെ അറിവിന്റെ അക്ഷരങ്ങള്‍ എന്ന് ആശംസിച്ചു ജില്ലാ കലക്ടര്‍. കലക്ടറുടെ മകന്‍ അമാന്‍ മാലിക്ക് കൊച്ചു കൂട്ടുകാരിയുടെ ‘എഴുത്തിനിരുത്ത്’ കൗതുകത്തോടെ കണ്ടിരുന്നു.
വേര്‍തിരിവില്ലാതെ സമൂഹത്തെ സേവിക്കാന്‍ വരുംതലമുറ പ്രാപ്തരാകണം. സിവില്‍ സര്‍വീസിലൂടെ ഉയരങ്ങള്‍ കീഴടക്കി ജനസേവകരായവര്‍ തന്നെയാണ് ആദ്യാക്ഷരം എഴുതിക്കേണ്ടതെന്ന് ചിന്തിച്ചുറപ്പിച്ചതിന്റെ കാരണം ഇങ്ങനെ വ്യക്തമാക്കി രക്ഷിതാക്കള്‍.