കൊച്ചി: കൊച്ചി ഇന്ത്യയിലെ ആദ്യ “ഡിമെന്‍ഷ്യ സൗഹൃദ നഗര” മാവുന്നു. ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 16 ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. രാവിലെ 11.20-ന് കുസാറ്റ് സയന്‍സ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും കെയര്‍ ഹോമിൻറെയും ഉദ്ഘാടനവും ഡിമെന്‍ഷ്യ സൗഹൃദ ജില്ല എന്ന പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കലും നടക്കും. ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിൻറെ ഭാഗമായ ഉദ്ബോധിൻറെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും സംയുക്തമായിട്ടാണ് ഈ പദ്ധതി പ്രയോഗത്തിലാക്കിയത്.

വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഹൈബി ഈഡന്‍ എം.പി. ഡിമെന്‍ഷ്യ സൗഹൃദ കൊച്ചി ആപ്പ് തുറക്കല്‍ നിര്‍വ്വഹിക്കും. ഡിമെന്‍ഷ്യ സൗഹൃദ കൊച്ചി എന്ന ആശയത്തെക്കുറിച്ച് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ സംസാരിക്കും.

എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ്, എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമാ കണ്ണന്‍, വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. വി. മീര, സെന്റ്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോ. പി.എസ്. ബേബി ചക്രപാണി, സിന്‍ഡിക്കറ്റ് അംഗം കെ.കെ. കൃഷ്ണകുമാര്‍, കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗം ഷീബ ലാല്‍, കൊച്ചി നഗരസഭ വാര്‍ഡ് മെമ്പര്‍ മിനി വിവേറ, കൊച്ചി ഡൗണ്‍ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സുജാത മാധവ് ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ എന്ന അവസ്ഥയെക്കുറിച്ചു ബോധവൽക്കരിക്കാനും, ഈ അവസ്ഥയിലുള്ളവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ഇവരുടെ സഹായികൾക്കും ബന്ധുക്കൾക്കും ഇവരെ പരിചരിക്കാൻ പ്രത്യേക പരിശീലനം നൽകാനും അതുവഴി ഈ അവസ്ഥയിലുള്ളവരെ സമൂഹത്തിൻറെ ഭാഗമാക്കിത്തീർക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉദ്‌ബോധ് എന്ന പദ്ധതി. ഇവർക്ക് സഹായകരമായ രീതിയിൽ സൗജന്യ മനഃശാസ്ത്ര ഉപദേശങ്ങൾ, നിയമ ഉപദേശങ്ങൾ, ക്ലിനിക്കൽ സൗകര്യങ്ങൾ, പകൽ പരിചരണ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കാൻ കഴിയുമ്പോൾ ആണ് നഗരം ഡിമെൻഷ്യ സൗഹൃദ നഗരമായിത്തീരുക. മനഃശ്ശാസ്ത്ര ഉപദേശങ്ങൾ, നിയമോപദേശങ്ങൾ എന്നിവ ആപ്പ് വഴിയും, നേരിട്ടും ലഭ്യമാണ്. ക്ലിനിക്കൽ സൗകര്യങ്ങൾ സൗജന്യമായി ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഡിമെൻഷ്യ ക്ലിനിക്കിൽ ലഭിക്കും. സൗജന്യ പരിചരണത്തിനായുള്ള പകൽവീട് ഒരുക്കിയിട്ടുള്ളത് പി ജെ ആൻറണി സാംസ്കാരിക കേന്ദ്രത്തിനോട് അനുബന്ധിച്ചാണ്.

ജില്ലാഭരണകൂടത്തിൻ്റെ സഹകരണത്തിൽ അടുത്ത ഘട്ടമായി പദ്ധതി ഗ്രേറ്റർ കൊച്ചി മേഖലയിലുള്ള മുൻസിപ്പാലിറ്റികളിലേക്കും, പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിലൂടെ എറണാകുളം ഡിമെൻഷ്യ സൗഹൃദ ജില്ലയായി മാറും.