ജാതീയവും സാമൂഹികവുമായ വേർതിരിവ് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഇതിന് മാറ്റം വരുത്താൻ നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ ശ്രമമുണ്ടാകണമെന്നും പട്ടികജാതി – വർഗ പിന്നാക്ക ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ആചരിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സമാപന സമ്മേളനം തൃശൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പട്ടികജാതി, വർഗ പിന്നാക്കക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ വിഭാഗങ്ങളിലുള്ളവരെ അവരുടെ മികവിനുസരിച്ച് സമൂഹത്തിൻ്റെ മുൻപന്തിയിലെത്തിക്കാനും ഇനിയും കൂട്ടായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

25 വർഷത്തെ അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കാനായി. എന്നാൽ അധികാര വികേന്ദ്രീകരണ ഫലം ഏറ്റവും കൂടുതൽ ലഭിക്കേണ്ടത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കാണ്. അത് അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തണം. ആനുകൂല്യങ്ങൾ നൽകുന്നതിനേക്കാൾ പട്ടിക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കേണ്ടത്. മികച്ച വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകുന്നതിലൂടെയാണ് അത് സാധ്യമാവുക. അതിനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന സർക്കാർ നടത്തിവരുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.ഈ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് സഹായം നൽകും. സിവിൽ സർവീസ് രംഗത്തേക്ക് ട്രൈബൽ വിഭാഗം കുട്ടികളെ ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമവും നടത്തും. അതിന് ഉതകുന്ന പദ്ധതികൾ വകുപ്പുതലത്തിൽ തന്നെ നടത്തും. അവരിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുകയും അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെ മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യും. ഈ വർഷം അവരിൽ നിന്നുള്ള അഞ്ച് പേർക്ക് പൈലറ്റ് ആകുന്നതിനുള്ള ട്രെയിനിംഗ് നൽകും. ലഭിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി വിനിയോഗിക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

സാമൂഹ്യ വ്യവസ്ഥിതിയിൽ കേരളത്തിൻ്റെ സ്ഥിതി വ്യത്യസ്തമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. സാമൂഹികമായ മുന്നേറ്റത്തിൽ അടിസ്ഥാന വിഭാഗങ്ങളെ കൂടെനിർത്തണം. സമൂഹത്തിൻ്റെ നേതൃനിരയിലേക്ക് ഇവരെ ഉയർത്തണം. ഇതിനായി വിദ്യാഭ്യാസ കാര്യങ്ങളിൽ മികച്ച നിലപാടെടുക്കുമെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളെ മന്ത്രിമാർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.’സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ’ എന്ന സന്ദേശമാണ് ഐക്യദാർഢ്യ പക്ഷാചരണത്തിലൂടെ വിളംബരം ചെയ്തത്.