നാടിന്റെ വികസനത്തിന് അനിവാര്യമായ വൈദ്യുതിയുടെ ഉത്പ്പാദനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം. എം മണി പറഞ്ഞു. കല്ലറ, നീണ്ടൂര്‍. കടുത്തുരുത്തി, മാഞ്ഞൂര്‍, തലയാഴം പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്ന കല്ലറ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഏറ്റവും ചെലവ് കുറച്ച് ഉല്‍പ്പാദിപ്പിക്കാനാകുന്നതും ജനങ്ങള്‍ക്ക് വിലക്കുറച്ച് കൊടുക്കാനാവുന്നതും ജല വൈദ്യുത പദ്ധതികളിലൂടെയാണ്. മുപ്പത് ശതമാനം  വൈദ്യുതി  മാത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനാകുന്നത്.  ഒന്നേകാല്‍ ലക്ഷം ഉപഭോക്താക്കള്‍ക്കാവശ്യമായ ബാക്കി വൈദ്യുതിക്ക്  അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ദീര്‍ഘകാലം തുടരാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്  സര്‍ക്കാര്‍ . വലുതും ചെറുതുമായ ജലവൈദ്യുത പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. വികസന വിരോധികളുടെ ഇടപെടലിലൂടെ മുങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ്മ പരിപാടികളും നടന്നു വരുകയാണ്. കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ സോളാര്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം. പി മുഖ്യ അതിഥിയായിരിന്നു. പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, കെ. കെ. രഞ്ജിത്  തുടങ്ങിയവര്‍ സംസാരിച്ചു. ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി സ്വാഗതവും പൂവന്‍തുരുത്ത് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.