മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽകുമാറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സപ്ലൈകോ പ്രതിനിധികൾ കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തി.നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണം സുഗമമാക്കുന്നതിനാണ് ചർച്ച നടത്തിയത്. സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കണം. കർഷകരുടെ നഷ്ടം ലഘൂകരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതിയും മില്ലുടമകൾക്ക് സപ്ലൈകോ നൽകും. നെല്ല്, അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതൽ ഗോഡൗണുകൾ ആവശ്യമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകുമെന്നും പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
സപ്ലൈകോ ജനറൽ മാനേജർ ടി.പി.സലിം കുമാർ, മാനേജർ (പാഡി)ഇൻചാർജ്ജ് ബി.സുനിൽകുമാർ,
കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കർണൻ, കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി വർക്കി പീറ്റർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.