കൊച്ചി: ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണികള്‍ ബ്ലോക്കുതലങ്ങളിലും പഞ്ചായത്തുതലങ്ങളിലും ആവശ്യമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോതമംഗലം ബ്ലോക്കില്‍ ആരംഭിച്ച ഫെഡറേറ്റഡ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടണമെങ്കില്‍ അവരുടെ ഉടമസ്ഥതയിലുള്ള വിപണികളുണ്ടാകണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടി ആഴ്ചച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷക മിത്ര എന്ന പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ്. ചെറുകിട കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ നേരിട്ട് അവരുടെ ഇടയില്‍ പോയി ശേഖരിക്കാന്‍ പഞ്ചായത്ത്തലത്തില്‍ നിയമിച്ചിരിക്കുന്ന ആളുകളാണ് കര്‍ഷക മിത്രമാര്‍. നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മൊത്തം വിലയുടെ 75% നല്‍കുകയും ബാക്കിയുള്ളത് വിറ്റഴിച്ച ശേഷം നല്‍കുകയുമാണ് ചെയ്യുന്നത്. ഈ വര്‍ഷം മുതല്‍ ആലപ്പുഴയിലും കൊല്ലത്തും കര്‍ഷക മിത്ര പദ്ധതി നടപ്പിലാക്കാന്‍ പോകുകയാണ്. പഞ്ചായത്തുകളിലും വിപണനത്തിനായി ഇക്കോ ഷോപ്പുകള്‍ പ്രര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ട് ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്.
നിപാ വൈറസ് ബാധയുണ്ടായപ്പോള്‍ പൈനാപ്പിളിന്റെ വില ഇടിഞ്ഞു. ആ അവസരത്തില്‍ കൃഷി വകുപ്പ് തന്നെ മുന്നിട്ടിറങ്ങുകയും കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ ഒന്നിന് 17.50 രൂപ നല്‍കി മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഇതുപോലുള്ള സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്യാന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ പഞ്ചായത്തുകള്‍ തോറും സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ സേവനത്തിന് വേണ്ടി കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ കാര്‍ഷിക കര്‍മ്മ സേനകളും രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ 200 പഞ്ചായത്തുകളിലാണ് കാര്‍ഷിക കര്‍മ്മ സേനകള്‍ ഉള്ളത്. കാര്‍ഷിക ഉപകരണങ്ങളും നടീല്‍ വസ്തുക്കളും കാര്‍ഷിക കര്‍മ്മ സേനകള്‍ വഴി ലഭ്യമാക്കുകയും ചെയ്യും.
കോതമംഗലം ബ്ലോക്കിലെ 11 കൃഷിഭവനുകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കുന്നതിനുള്ള ഫെഡറേറ്റഡ് മാര്‍ക്കറ്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. പച്ചക്കറി വികസന പദ്ധതിയിലെ നഴ്‌സറികള്‍, ഇറിഗേഷന്‍, സീറോ എനര്‍ജി കൂള്‍ ചേംബര്‍ തുടങ്ങിയ വിവിധ ഘടക പദ്ധതികള്‍ സമന്വയിപ്പിച്ചുകൊണ്ട് ആരംഭിച്ച ബ്ലോക്ക് തല ഫെഡറേറ്റഡ് മാര്‍ക്കറ്റ് കോതമംഗലം നഗരസഭയില്‍ തരിശായി കിടന്ന കാളവയലിന് പുതിയ രൂപവും ഭാവവും നല്‍കിയിരിക്കുകയാണ്.
കോതമംഗലം കാളവയല്‍ ഗ്രീന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ആത്മ പദ്ധതിയില്‍ അവാര്‍ഡ് ലഭിച്ച കോതമംഗലം ബ്ലോക്കിലെ കര്‍ഷകരെ മന്ത്രി ആദരിച്ചു. ജൈവ കൃഷി സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംവാദവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് സലിം, കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ആന്റണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഉഷാദേവി ടി ആര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കോതമംഗലം ബ്ലോക്ക് തല ഫെഡറേറ്റഡ് മാര്‍ക്കറ്റ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.