തലസ്ഥാന നഗരിയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആശാന്‍ സ്‌ക്വയറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ചു. ഇന്ന് (ജൂലൈ 13) സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭക്കു കീഴിലെ വീടുകളിലും അക്ഷരത്തിരി കത്തിക്കും. 14ന് രാവിലെ 8.30ന് ചരിത്രസര്‍വേക്ക് തുടക്കമാകും. അക്ഷരവെളിച്ചം നാട്ടിലാകെയെത്തിക്കാന്‍ 10000 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സര്‍വേ. സര്‍വേ ദിനം തന്നെ അതത് വാര്‍ഡുകളില്‍ വിവരങ്ങളുടെ ക്രോഡീകരണവും നടക്കും. വാര്‍ഡ്തല വിവര ക്രോഡീകരണം 100 പ്രേരക്മാരുടെ നേതൃത്വത്തില്‍ 15ന് നടക്കും.
ഔപചാരിക വിദ്യാഭ്യാസത്തെ അനൗപചാരിക വിദ്യാഭ്യാസ മേഖലയുമായി കോര്‍ത്തിണക്കി ആരോഗ്യകരമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിക്കാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ വാര്‍ഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സര്‍വേ. ഒരു ക്ലസ്റ്ററിന് രണ്ടുപേര്‍ എന്ന കണക്കില്‍ 10000 വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. സാക്ഷരതാ മിഷന്റെ പ്രേരക്മാര്‍, വാര്‍ഡിലെ ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ടീമില്‍ ഉള്‍പ്പെടുന്നു.
സര്‍വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരര്‍ക്കായി വാര്‍ഡുകളില്‍ ആഗസ്റ്റ് 15ന് ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര്‍ എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നുമാസത്തെ ക്ലാസിനുശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാം. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍സെക്കണ്ടറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കും. പരിപാടിയില്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.