പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നായ കുളനട ഗ്രാമപഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പില്‍ 71 കുടുംബങ്ങളിലെ 263 പേരാണ് കഴിയുന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ക്യാമ്പിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക്കുകളും സാനിടൈസറും മന്ത്രി വീണാ ജോര്‍ജ് കൈമാറി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പിലുള്ളവര്‍ക്കായി ആന്റിജന്‍ പരിശോധന, എലിപ്പനി പ്രതിരോധത്തിനുള്ള ഡോസിസൈക്ലിന്‍ ഗുളിക, മറ്റ് അവശ്യമരുന്നുകളുടെ വിതരണം, കോവിഡ് വാക്‌സിന്‍ വിതരണം എന്നിവ നടത്തുന്നുണ്ട്. അവശ്യമായ ആരോഗ്യ വിഭാഗം ജീവനക്കാരെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ക്യാമ്പില്‍ അവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പശു, ആട് എന്നിവയ്ക്ക് ഭക്ഷണം ഒരുക്കാന്‍ സംവിധാനം ഒരുക്കണമെന്ന ക്യാമ്പിലുള്ളവരുടെ ആവശ്യം പരിഗണിച്ച് മന്ത്രി വീണാ ജോര്‍ജ് ഉടന്‍ തന്നെ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുമായി ഫോണില്‍ ബന്ധപ്പെട്ട് കാലിത്തീറ്റ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചു.

ക്യാമ്പിലെ അന്തേവാസികള്‍ താമസിക്കുന്ന ഇടങ്ങളും പാചകപുരയും മന്ത്രി സന്ദര്‍ശിച്ചു. ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മന്ത്രി വീണാ ജോര്‍ജിന് ഒപ്പം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര സി.ചന്ദ്രന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചന്‍, സാറാമ്മ കുഞ്ഞൂഞ്ഞ്, മിനി സാം, ബിജു പരമേശ്വരന്‍, വിനോദ്, ഐശ്വര്യ ജയചന്ദ്രന്‍, എന്‍എച്ച്എം ഡിപിപം ഡോ.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.