കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നത് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.യു. ഗീവര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍, കുടുംബശ്രീ അസി. മിഷന്‍ കോ ഓഡിനേറ്റര്‍മാരായ കെ. വിജയം, ടി.എം. റെജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അജേഷ്, ദീന്‍ ദയാല്‍ ഉപാദ്ധ്യയായ ഗ്രാമീണ്‍ കൗശല്യ യോജന സംസ്ഥാന പ്രോജക്ട് ഹെഡ് കെ.കെ ഷാജു എന്നിവര്‍ സംസാരിച്ചു.
മൂന്നര മാസം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ മുപ്പത്തിയഞ്ച് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക. രാജഗിരി കോളേജ്, കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ എന്നിവയും പരിപാടിയുമായി സഹകരിക്കുന്നു. രാജഗിരി കോളേജ് കളമശ്ശേരി ക്യാമ്പസിലാണ് ക്ലാസ്സുകള്‍ നടക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ നല്‍കും. ഫ്രണ്ട് ഓഫീസ് കം റിസപ്ഷനിസ്റ്റ്, സേയില്‍സ് അസോസിയേറ്റ്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹൗസ് കീപ്പര്‍ എന്നീ തസ്തികയിലേക്കാണ് പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ സ്‌കില്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സോഫ്റ്റ് സ്‌കില്‍ എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പടം ക്യാപ്ഷന്‍
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നൈപുണ്യ പരിശീലന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. ഷാജു, പ്രഞ്ജാല്‍ പാട്ടീല്‍, കെ. വിജയം, ടി.എം. റെജീന തുടങ്ങിയവര്‍ സമീപം