തലശ്ശേരി: നഗരസഭാ പരിധിയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരേയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാനും ഓരോ ദിവസവും 260 രൂപ വീതം പ്രസ്തുത ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെയും തലശ്ശേരി ക്ഷീര വ്യവസായ സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലുല്‍പ്പാദനം സ്വയം പര്യാപ്തതയിലേക്ക് അടുക്കുമ്പോള്‍ പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ശുദ്ധമായ പാല്‍ ഉല്‍പാദനം, പാല്‍ പരിശോധനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സ്‌ട്രേഷനും നടത്തി. തലശ്ശേരി ക്ഷീരഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി ക്ഷീരസംഘം എന്‍.വി രാഘവന്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എം.വി. രജീഷ് കുമാര്‍, തലശ്ശേരി ക്ഷീരവികസന വകുപ്പ് ഓഫീസര്‍ നിഷാദ് വി.കെ എന്നിവര്‍ ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയിന്‍ ജോര്‍ജ്ജ്, തലശ്ശേരി ക്ഷീരസംഘം സെക്രട്ടറി എസ്.ടി. ജെയ്‌സണ്‍, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.