കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വ്യാഴാഴ്ച അപ്പര്‍ കുട്ടനാടിന്റെ വിവിധ മേഖലകളില്‍ 680 ചാക്ക് അരി എത്തിച്ചു.

ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ റവന്യു വകുപ്പിന്റേയോ ഉദ്യോഗസ്ഥര്‍ ഇന്‍ഡന്റ് നല്‍കുന്ന മുറയ്ക്ക് ഭക്ഷ്യ വകുപ്പിന് കീഴിലുള്ള മാവേലിസ്റ്റോറില്‍ നിന്നോ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നോ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മൂലം ദുരന്ത ഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ തകര്‍ന്ന മാവേലിസ്റ്റോര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമാകും. കാലവര്‍ഷ കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വിവിധ മാവേലിസ്റ്റോറുകളുടെയും റേഷന്‍ കടകളുടെയും നഷ്ടക്കണക്ക് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കി വരികയാണ്.