കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജ്വലം പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ മാനസികസമ്മര്‍ദ്ദം കുറച്ച് പഠനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന സഹായികള്‍ പദ്ധതിയുടെ ഭാഗമായി നല്‍കുകയാണ്. കൊല്ലം ഡയറ്റിലെ വിദഗ്ധരായ അധ്യാപകരുടെ സഹകരണത്തോടെ പുസ്തകങ്ങള്‍ തയ്യാറാക്കി ലഭ്യമാക്കി.
പാഠഭാഗങ്ങള്‍ സംബന്ധിച്ച ചോദ്യമാതൃകകളും ഉത്തരങ്ങളും ആണ് പഠനസഹായിയില്‍ ഉള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. 86 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും 127 എയ്ഡഡ് ഹൈസ്‌കൂളുകളിലും ഇവ ലഭ്യമാക്കും. അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ആണ് വിതരണം. ‘സോഫ്റ്റ് കോപ്പി’ സ്‌കൂളുകളിലേക്ക് മെയില്‍ ചെയ്തിട്ടുണ്ട്. ഒമ്പത് ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചത്.
പഠന സഹായികളുടെ പ്രകാശനവും വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ നോട്ട്ബുക്കുകള്‍ നല്‍കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുമെന്ന് പറഞ്ഞു.
ജയന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. പി. കെ. ഗോപന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജെ. നജീബത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി. പി. സുധീഷ് കുമാര്‍, ഗേളി ഷണ്മുഖന്‍, അനന്തു പിള്ള, പ്രിജി ശശിധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി, സെക്രട്ടറി കെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷീജ, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
