തൃശൂര്‍: മഴക്കാലക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആശ്വാസo പകരാൻ മന്ത്രി ഡോ.ആര്‍.ബിന്ദുവെത്തി. ഇരിങ്ങാലക്കുട, കാറളം പഞ്ചായത്തിലെ എഎല്‍പി സ്‌കൂളിലെ ക്യാമ്പിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ പേര്‍ കഴിയുന്ന ക്യാമ്പാണിത്. പഞ്ചായത്തിലെ വാര്‍ഡ് 2,11 എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് കുടുംബങ്ങളിലെ 8 പുരുഷന്‍മാരും 9 സ്ത്രീകളും 5 കുട്ടികളും അടക്കം 22 പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ വയോധികരായ 2 പേരുമുണ്ട്. രാവിലെ 11 മണിയോടെ എത്തിയ മന്ത്രി അന്തേവാസികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ക്യാമ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വീടുകളിലെ വെള്ളം ഇറങ്ങുന്നതിനനുസരിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, വില്ലേജ് ഓഫീസര്‍ ഡി. ഡിനില്‍കുമാര്‍, സ്‌കൂള്‍ ഇന്‍ ചാര്‍ജ്ജ് എന്‍ എന്‍ പ്രീത എന്നിവരും സന്നിഹിതരായിരുന്നു.