എറണാകുളം: കലാ, കായിക രംഗങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ‘ശ്രേഷ്ഠം ‘ പദ്ധതി ആരംഭിച്ചു. കലാ, കായിക മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവുമുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന, ദേശീയ അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പുവരുത്തുന്നതിനായുള്ള ധനസഹായ പദ്ധതിയാണിത്. ഒരോ ജില്ലയിലും കലാ മേഖലയില്‍ പ്രാവീണ്യമുള്ള അഞ്ച് പേര്‍ക്കും കായിക മേഖലയില്‍ പ്രാവീണ്യമുള്ള അഞ്ച് പേര്‍ക്കും പതിനായിരം രൂപ വീതം പദ്ധതിക്ക് കീഴില്‍ ആനുകൂല്യം നല്‍കും. ഇതിനായുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഈ മാസം 31നകം സമര്‍പ്പിക്കണം.
അപേക്ഷകന്‍റെ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സംസ്ഥാന, ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം. ധനസഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2425377 എന്ന ഫോണ്‍ നമ്പറിലോ www.sjd.kerala.gov.in എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
