പാലക്കാട്:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് പ്രവര്ത്തിക്കുന്ന ഹരിത കര്മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയയ്ക്ക് വേഗത കൂട്ടാന് സ്മാര്ട്ട് ഗാര്ബേജ് മൊബൈല് ആപ്പ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില് തയ്യാറായി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്ഡുകളിലെ ഓരോ വീട്ടില് നിന്നും ശേഖരിച്ച അജൈവ പാഴ്വസ്തുക്കള് എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുള്ള കാര്യം ഇതിലൂടെ മനസ്സിലാക്കാം. ആപ്പ് ഇന്സ്റ്റാള് ചെയ്ത ശേഷം വീടുകളില് പ്രത്യേകമായി സ്ഥാപിച്ച ക്യൂ.ആര്. കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള് ശേഖരിക്കുന്നത്. ഓരോ വീടുകളില് എത്തുന്ന ഹരിത കര്മ്മ സേനാംഗങ്ങള് അതത് വീടുകളില് സ്ഥാപിച്ച ക്യൂ.ആര്. കോഡ് സ്‌കാന് ചെയ്ത് വിവരങ്ങള് ശേഖരിക്കും. കെല്ട്രോണാണ് ഇതിനാവശ്യമായ വെബ് ബേയ്സഡ് പ്രോഗ്രാം തയ്യാറാക്കിയത്.ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച പാഴ്വസ്തുക്കളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നത് വഴി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കും ബന്ധപ്പെട്ട സംസ്ഥാനതല ജില്ലാതല സര്ക്കാര് സംവിധാനങ്ങള്ക്കും പാഴ്വസ്തു ശേഖരണ സംസ്‌കരണ പ്രവര്ത്തനങ്ങളുടെ പുരോഗതി അറിയാന് കഴിയും. ജില്ലയില് 2022 ആദ്യം തന്നെ ആപ്പ് പ്രവര്ത്തനക്ഷമമാക്കുന്ന രീതിയിലാണ് നടപടികള് സ്വീകരിക്കുന്നത്. ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, ഒ.ഡി.എഫ്. പ്ലസ് പ്രവര്ത്തനങ്ങളില് മുന്നിട്ടു നില്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ആദ്യഘട്ട പ്രവര്ത്തനങ്ങള് സജ്ജമാക്കുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കുവേണ്ടി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള നടപടികള് സ്വീകരിച്ചതായും ജില്ലാ കോര്ഡിനേറ്റര് വൈ. കല്ല്യാണകൃഷ്ണന് അറിയിച്ചു.