എറണാകുളം: സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കളമശേരി ബ്ലോക്ക് പ്രകൃതി കൃഷി പഠനയാത്രയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്തിലേക്കാണ് പഠനയാത്ര നടത്തിയത്.

പഠനയാത്രയിൽ പങ്കെടുത്ത 30 കർഷകർക്ക് പ്രകൃതി കൃഷി എങ്ങനെ ചെയ്യണമെന്നും വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളുടെയും കീടനാശിനികളുടെയും നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ അങ്കണത്തിലാണ് പരിശീലനം നടന്നത്. കർഷകർക്ക് ജീവാമൃതം, ഘന ജീവാമൃതം, ഘന ജീവാമൃത ലഡു, ഹെർബൽ ഗുണപജലം (ഹരിത കഷായം), ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, നീമാസ്ത്രം മുതലായ പ്രകൃതി വളക്കൂട്ടുകളുടെയും കീടനാശിനികളുടെയും നിർമ്മാണ പരിശീലനം നൽകി.

പ്രകൃതി കൃഷി നേരിൽ കണ്ട് പഠിക്കുന്നതിനായി കൃഷിയിട സന്ദർശനവും നടത്തി. കർഷകരായ സോമൻ ആലപ്പാട്ടിൻ്റെ വള്ളുവള്ളിയിലെ ഔഷധ നെൽകൃഷിയും സുജിത്ത് തമ്പിയുടെ കൃഷിയിടവും തത്തപ്പള്ളിയിലെ രവിയുടെ കിഴങ്ങുവിളകളുടെ പ്രദർശനത്തോട്ടവും കൂനമ്മാവ് സെൻ്റ്. ജോസഫ് ബോയ്സ് ഹോമിലെ കുട്ടികളുടെ പ്രകൃതി കൃഷിയിടവും കർഷകർക്ക് വേറിട്ട അനുഭവമായിരുന്നു.

കോട്ടുവള്ളി കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു കർഷകർക്ക് പരിശീലനം നൽകി. കളമശ്ശേരി കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ സുധ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കളമശേരിയിലെ കർഷകർക്കായി നടത്തിയ പ്രകൃതി കൃഷി പഠനയാത്ര കോട്ടുവള്ളിയിൽ എത്തിയപ്പോൾ