കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഭൂഗർഭ ജലവകുപ്പിന്റെയും മണ്ണു പര്യവേഷണ വകുപ്പിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തീകരിച്ച പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിഭാ നഗർ ലക്ഷം വീട് കോളനിയിലെ 31 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത്.

ഭൂഗർഭ ജലവകുപ്പിന്റെ 2.5 ലക്ഷം രൂപയും മണ്ണു പര്യവേഷണ വകുപ്പിന്റെ 3.8 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 3.08 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിഭാ നഗറിൽ പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കുഴൽ കിണറിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്.

പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അനുരാഗ് പാണ്ടിക്കാട്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡെൻസി ബിജു അധ്യക്ഷയായി. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.