രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളെല്ലാം ആധുനീകരിക്കുമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന പബ്‌ളിക്‌ ഹെല്‍ത്ത്‌ ലബോറട്ടറിക്കുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ ആശുപത്രികള്‍ സെപ്‌ഷ്യാലിറ്റിയിലേക്കും മെഡിക്കല്‍ കോളജുകള്‍ സൂപര്‍സ്‌പെഷ്യാലിറ്റിയിലേക്കും ഉയര്‍ത്തിയാണ്‌ നിലവാരം മെച്ചപ്പെടുത്തുക. സേവനത്തിന്റെ വ്യാപ്‌തി ഓരോ പഞ്ചായത്തിലും അഞ്ച്‌ ഡോക്ടര്‍മാര്‍ എന്ന നിലയിലേക്കും വര്‍ധിക്കും. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാരാമെഡിക്കല്‍ സ്റ്റാഫിന്റെ മൂവായിരത്തിലധികം തസ്‌തിക സൃഷ്ടിച്ചു.

മുന്‍ഗണനാ പട്ടികയിലുള്ളവരെ കൂടി ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സൗകര്യവും വിപുലീകരിക്കാനായി. പരമാവധി പേര്‍ക്ക്‌ ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുകയുമാണ്‌. വിക്ടോറിയ ആശുപത്രി ഈ നിലയിലേക്ക്‌ മെച്ചപ്പെടുത്താനാണ്‌ തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി.

എം .മുകേഷ്‌ എം. എല്‍. എ അധ്യക്ഷനായി. സ്‌റ്റേറ്റ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ലാബ്‌ ഡയറക്ടര്‍ ഡോ. എസ്‌. സുനിജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്‌. ഹരികുമാര്‍, ജില്ലാ ജൂനിയര്‍ അഡ്‌മിനിസ്‌ട്രേറ്റിവ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ആര്‍. ശ്രീഹരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്‌ഠന്‍, ജില്ലാ പബ്ലിക്‌ ഹെല്‍ത്ത്‌ ലാബ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. പാര്‍വതി ഗിരീഷന്‍, ആര്‍. എം. ഡോ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.