സംസ്ഥാന സര്‍ക്കാര്‍ കിഎഫ്ബിയില്‍ ഉള്‍പെടുത്തി പത്തനംതിട്ടയില്‍ നിര്‍മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 25 ദിവസത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാകും. ഇത് സംബന്ധിച്ച പരിശോധനകള്‍ക്കായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പത്തനംതിട്ട നഗരസഭ സ്‌റ്റേഡിയം സന്ദര്‍ശിച്ചു. സ്‌റ്റേഡിയത്തിന് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ പത്തനംതിട്ട നഗരസഭ സ്‌റ്റേഡിയത്തിന് ഉള്ളതായി സഞ്ജയന്‍ കുമാര്‍ പറഞ്ഞു. നാഷണല്‍ ഗെയിംസിന് സ്‌റ്റേഡിയം നിര്‍മിച്ചിട്ടുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സ്‌റ്റേഡിയം സന്ദര്‍ശിച്ചത്. കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും  ചുരുങ്ങിയ സമയത്തിനുള്ളില്‍ തയാറാക്കി സമര്‍പ്പിക്കും.
നിലവിലെ സ്‌റ്റേഡിയത്തിന്റെ 17 ഏക്കര്‍ സ്ഥലത്താകും മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഇന്‍ഡോര്‍ സ്‌റ്റേഡിയവും സിന്തറ്റിക്ക് ട്രാക്കും ഉള്‍പ്പെടെ അത്യാധുനിക സൗകര്യമുള്ള സ്‌റ്റേഡിയം നിര്‍മിക്കുക. നേരത്തെ ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഈ പദ്ധതിയോടൊപ്പം പൂര്‍ത്തിയാക്കും. ഇത് കൂടാതെ മറ്റൊരു ചെറിയ ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മിക്കും.
അത്യാധുനിക ഫുട്‌ബോള്‍ ടര്‍ഫ്, ഹോക്കി ഗ്രൗണ്ട്,  വോളിബോള്‍ കോര്‍ട്ടുകള്‍, എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്ക്്, നീന്തല്‍കുളം, റോളര്‍സ്‌കേറ്റിംഗ്, ഫെന്‍സിംഗ് തുടങ്ങിയവയ്ക്കുള്ള സൗകര്യം, കായികതാരങ്ങള്‍ക്ക് വിശ്രമമുറി, ഒഫിഷ്യല്‍സുകള്‍ക്കുള്ള മുറി, ടോയ്‌ലെറ്റ്, വാഷ് റൂം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാകും ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുക.
 കൊല്ലത്തിന് ശേഷം സംസ്ഥാനത്ത് ഹോക്കി സ്‌റ്റേഡിയമുള്ള ഏക ജില്ലയായി ഇതോടെ പത്തനംതിട്ട മാറും. ഒളിമ്പിക്‌സ് നിലവാരമുള്ള നീന്തല്‍കുളമായിരിക്കും സ്‌റ്റേഡിയത്തിനോടനുബന്ധിച്ച് നിര്‍മിക്കുക. നിരവധി പേര്‍ ദിവസേന നടക്കാന്‍ എത്തുന്ന സ്‌റ്റേഡിയമായതിനാല്‍ സിന്തറ്റിക്ക് ട്രാക്കിന് പുറത്ത് വാക്ക് വേ നിര്‍മിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സ്‌പോര്‍ട്‌സ് ഡയറക്ടര്‍  സഞ്ജയന്‍ കുമാറിനെ കൂടാതെ എക്‌സിക്യട്ടീവ് എനജിനീയര്‍ ആര്‍ ബിജു, അസി. എന്‍ജിനീയര്‍ ബാലമോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, കൗണ്‍സിലര്‍ പികെ അനീഷ്, നഗരസഭ ഉപാധ്യക്ഷന്‍ പി കെ ജേക്കബ്, ബുക്ക് മാര്‍ക്ക് സെക്രട്ടറി ഗോകുലേന്ദ്രന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
  2016- 17 വര്‍ഷത്തെ ബജറ്റില്‍ ബ്ലസന്‍ ജോര്‍ജ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 50 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, മുന്‍സിപ്പല്‍ സ്‌റ്റേഡിയം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പത്തനംതിട്ട നഗരസഭയ്ക്ക് താല്‍പ്പര്യം ഇല്ലാത്തതിനാല്‍ പദ്ധതി നടപ്പായില്ല. തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതി നടപ്പാക്കണമെന്ന് തീരുമാനിക്കുകയും അതിന് സമ്മതം അറിയിച്ച് നഗരസഭ കത്ത് നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തു. വീണാ ജോര്‍ജ് എംഎല്‍എയും  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് കത്തു നല്‍കി. തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം പത്തനംതിട്ടയില്‍ നിര്‍മിക്കുന്നതിനുവേണ്ട നടപടി കൈക്കൊള്ളാന്‍ മന്ത്രി നിര്‍ദേശിച്ചത്.