കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില് പനി ഉണ്ടായാല് കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാല് സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്. എന്നാല് ഇത് ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാല് പനിയെ നിസാരമായി കാണരുതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.കെ.പി റീത്ത പറഞ്ഞു.
മഴ, കോവിഡ് എന്നിവയ്ക്ക് ശേഷമുള്ള സ്‌കൂള് തുറക്കലിന്റെ പശ്ചാത്തലത്തില് ജില്ലാ മെഡിക്കല് ഓഫീസിന്റെ ആഭിമുഖ്യത്തില് ചേർന്ന ജില്ലാതല സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്. ജില്ലാ കലക്ടര് മൃണ്മയി ജോഷിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകര്ച്ചവ്യാധി പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തി.
ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില് വീടുകളിൽ നിന്നും പകര്ച്ച വ്യാധി പ്രതിരോധം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡിന്റെ സാഹചര്യത്തില് ആരോഗ്യപ്രവര്ത്തകർ, സന്നദ്ധപ്രവര്ത്തകർ , പൊതുജനങ്ങൾ എന്നിവർ കോവിഡ് പ്രതിരോധത്തില് ശ്രദ്ധ കേന്ദ്രീകരിച്ചതിനാല് മഴക്കാല പകര്ച്ച വ്യാധി പ്രതിരോധത്തിനായി പ്രത്യേക ഊന്നല് നല്കിയിട്ടില്ലെങ്കിലും ജില്ലയില് പകര്ച്ചവ്യാധികളെ തടുത്തു നിര്ത്താന് കഴിഞ്ഞതായും യോഗം വിലയിരുത്തി.
കോവിഡ് അടച്ചു പൂട്ടലിനു ശേഷം സ്‌കൂളുകള് തുറക്കുമ്പോള് ക്ലാസ് റൂമുകള്, ജലസംഭരണികള്, സ്‌റ്റോര് റൂമുകള്, കൂളറുകള് എന്നിവ പ്രത്യേകം ശുചിയാക്കണമെന്ന് ഡി.എം.ഒ യോഗത്തിൽ നിര്ദ്ദേശിച്ചു. ചെക്‌പോസ്റ്റുകളില് എത്തുന്നവർ, ഭക്ഷ്യവസ്തുക്കള്, മൃഗങ്ങള് എന്നിവയുടെ പരിശോധന കര്ശനമാക്കുക, സിവില് സ്‌റ്റേഷന് പരിസരം
പി. ഡബ്ലിയു.ഡി, ഫയര് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെ വൃത്തിയാക്കുക തുടങ്ങിയ നിര്ദ്ദേശങ്ങളും യോഗത്തില് അറിയിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ടി.എ അനൂപ് കുമാർ പകർച്ചവ്യാധി പ്രതിരോധ റിപ്പോർട്ട് അവതരിപ്പിച്ചു.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് മൃഗസംരക്ഷണം, ആയുര്വേദം, ഹോമിയോ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടര് അതോറിറ്റി, നഗരസഭ, ഐ.എം.എ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.