കുട്ടികളുടെ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മുക്കം നഗരസഭ ആവിഷ്കരിച്ച ‘സ്റ്റാമിന’ പദ്ധതിക്ക് തുടക്കമായി. അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ എന്നിവയിൽ കായിക പരിശീലനം നൽകുകയും കായികക്ഷമതയും ടീം വർക്കും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് സ്റ്റാമിന.

നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കായിക ക്ലബ്ബുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച പരിശീലനം ചെറുപ്പം മുതലേ നൽകുന്നതു വഴി പ്രതിഭകളെ നേരത്തെ തന്നെ കണ്ടെത്തി കഴിവുകൾ വളർത്തിയെടുക്കാൻ സാധിക്കും.

പരിശീലന ശേഷം കുട്ടികൾക്ക് ഓരോ ദിവസവും പോഷകാഹാരവും നൽകും. കുട്ടികൾക്കുള്ള ജേഴ്സി, ഷൂ എന്നിവ സ്പോൺസറിംഗ് വഴിയാണ് കണ്ടെത്തുക. മറ്റ് കളിയുപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകും.

മുൻ എം.എസ്.പി കോച്ച് അബൂബക്കർ സിദ്ദിഖ് മമ്പാട്, വിനീഷ് മുക്കം എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ആകെ 300 കുട്ടികൾക്ക് വിവിധ പ്രദേശങ്ങളിൽ നിന്നായി കായിക പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ആദ്യ ബാച്ച് മാമ്പറ്റ മിനി സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കായിക കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർമാരായ രജനി, എം മധു മാസ്റ്റർ, വസന്തകുമാരി, എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ സെക്രട്ടറി എൻ. കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. ഷണ്മുഖൻ മാസ്റ്റർ സ്വാഗതവും, പ്രിൻസ് മാമ്പറ്റ നന്ദിയും പറഞ്ഞു