എറണാകുളം: ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, പൊക്കാളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കടമക്കുടി ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. ഹൈബി ഈഡൻ എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജാഫർ മാലിക് ലോഗോ പ്രകാശനം നിർവ്വഹിക്കും.

ഒക്ടോബർ 28 മുതൽ 31 വരെയാണ് ഫെസ്റ്റ് നടക്കുക. പൊക്കാളി വിളവെടുപ്പ്, നാടൻ രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റിവൽ, ചൂണ്ടയിടൽ, വല വീശൽ തുടങ്ങിയ ഗെയിമുകൾ, സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ, കയാക്കിംഗ്, വില്ലേജ് ടൂർ തുടങ്ങിയവ ഈ ദിവസങ്ങളിൽ നടക്കും. എറണാകുളം ജില്ലയുടെ തനത് നെല്ലിനമായ പൊക്കാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം, ഉത്തരവാദിത്ത വില്ലേജ് ടൂറിസം വഴി കടമക്കുടിയെന്ന നാടിൻ്റെ സൗന്ദര്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഫെസ്റ്റിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

നാട്ടുകാരോടൊപ്പം ഭാരത് മാതാ കോളേജ് വിദ്യാർത്ഥികൾ, രാജഗിരി കോളേജിലെ ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് പൊക്കാളി വിളവെടുപ്പ് നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പൊക്കാളിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1.30 വരെ വിളവെടുപ്പ് നടക്കും.

നാടൻ വിഭവങ്ങൾ പ്രൊഫഷണലായി വിളമ്പുന്നതിൽ പ്രത്യേക പരിശീലനം നൽകിയാണ് നാട്ടുകാരെ ഫുഡ് ഫെസ്റ്റിവലിൽ ഉൾക്കൊള്ളിക്കുന്നത്. യാതൊരു വിധ മായം ചേർക്കലുകളുമില്ലാതെയാണ് വിഭവങ്ങൾ ഒരുക്കുന്നത്. ഇതിനായി പത്തോളം സ്റ്റാളുകൾ ഉണ്ടാകും. ഫെസ്റ്റിന് എത്തുന്നവർക്ക് പൊക്കാളിപ്പാടങ്ങൾ വരമ്പിലൂടെ നടന്ന് ആസ്വദിക്കാനും കഴിയും. ആവശ്യമെങ്കിൽ ഗൈഡിനേയും ലഭിക്കും. ബോട്ടിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 50 രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ നാല് വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. കടമക്കുടിയും സാധ്യതകളും, കൃഷിയും കടമക്കുടിയും എന്നിവയാണ് വിഷയങ്ങൾ.