ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് അനുശോചിച്ചു

മരണമടഞ്ഞ പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാനത്തെ ക്യാൻസർ ചികിത്സാ രംഗത്തെ പുരോഗതിയിൽ കൃഷ്ണൻ നായർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി അനുസ്മരിച്ചു. റീജിയണൽ ക്യാൻസർ സെന്റർ സ്ഥാപക ഡയറക്ടറും പത്മശ്രീ ജേതാവും ആയിരുന്നു.

സാധാരണക്കാർക്ക് കൂടി താങ്ങാവുന്ന വിധം ആർ.സി.സി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയവരിൽ പ്രമുഖനാണ്. ക്യാൻസർ ചികിത്സാ രംഗത്ത് പുതിയൊരു സേവന സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സാങ്കേതികവിദ്യയും രോഗീ സൗഹൃദ സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആർ.സി.സി.യെ ലോകോത്തര സ്ഥാപനമാക്കി വളർത്തിയെടുത്തത്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുശോചിച്ചു

പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ദ്ധനും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. കേരളത്തിൽ അർബുദ ചികിത്സയ്ക്ക് ദിശാബോധം നൽകിയ ഡോ. കൃഷ്ണൻ നായരുടെ നിര്യാണം ആരോഗ്യ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. കുടുംബബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.