കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 31 വരെ മത്സ്യബന്ധനം പാടില്ല
നാളെ (ഒക്ടോബര്‍ 29) മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ -തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ച ശേഷം തെക്കന്‍ കേരള തീരത്തുകൂടി കടന്നു പോകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ (ഒക്ടോബര്‍ 29) മുതല്‍ ഒക്ടോബര്‍ 31 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും അടുത്ത മൂന്ന് ദിവസം മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു