ചവറ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടര്‍ന്ന് എന്‍. എച്ച് എം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിരികെ വാങ്ങാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നില്ല. ഭൂരിഭാഗവും പി. എച്ച്. സി-സി. എച്ച്. സി, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

അംഗീകൃത കാരുണ്യപ്രവര്‍ത്തന സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് തിരികെ എടുക്കേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനം നടത്താത്ത സംഘടനകളുടെ സ്ഥാപനങ്ങള്‍ക്ക് കൈമാറിയവ തിരിച്ചെടുക്കണം. ചികിത്സാ കേന്ദ്രത്തിലെ ഉപകരണങ്ങളുടെ പട്ടിക അടിയന്തരമായി കൈമാറണം. പ്രവര്‍ത്തനം തുടരുന്നവയുടേയും നിറുത്തിയ ചികിത്സാകേന്ദ്രങ്ങളുടെ പക്കലുള്ള സാധനങ്ങളുടെ സമ്പൂര്‍ണ വിവരമാണ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും എത്ര ഉപകരണങ്ങള്‍ കൈമാറി എന്നും വ്യക്തമാക്കണം. അവ അത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ളവ ആയിരുന്നോ എന്നും എന്‍. എച്ച്. എം. റിപോര്‍ട്ട് നല്‍കണം.

ഓക്‌സിജന്‍ സംവിധാനമുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ നിലനിറുത്തേണ്ടതുണ്ടോ എന്ന് ഡി. എം. ഒ വ്യക്തമാക്കണം. ഓക്‌സിജന്‍ സംവിധാനം ഇനി ആവശ്യമുള്ള കേന്ദ്രങ്ങളുടെ വിവരവും സമര്‍പ്പിക്കണം.  കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്‍നിറുത്തി തയ്യാറാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അടിയന്തരമായി സമര്‍പ്പിക്കണം എന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.