എറണാകുളം : വൈപ്പിൻ ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശിൽപശാലയുടെ ലോഗോ എം.കെ ദേവരാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. സ്വാഗതസംഘം യോഗത്തിൽ ശിൽപശാലയുടെ പ്രചാരണാർത്ഥം തയാറാക്കിയ പ്രോമോ വീഡിയോയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ നിർവ്വഹിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാക്കുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല നടത്തുന്നത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിലാണ് നവംബർ 14, 15, 16 തീയതികളിൽ കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓസ്റ്റിൻ ഹാളിൽ ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബോധ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ സാജിത്ത് ശിൽപ്പശാലയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ , ഡോ. സൈനുദ്ദീൻ , ഡോ. കെ കെ രഘുരാജ്, ജോസഫ് കുരിശിങ്കൽ, എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ഡോത്ത് തുടങ്ങിയവർ പങ്കെടുത്തു