എറണാകുളം: പ്രീ- മാരിറ്റൽ കൗൺസിലിങ് നിർബന്ധമാക്കണമെന്നും വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് പ്രീ – മാരിറ്റൽ കൗൺസിലിങ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷൻ . ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. പ്രീ- മാരിറ്റൽ കൗൺസിലിങ് നൽകുന്നതിലൂടെ വിവാഹ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനാകും.

വിവാഹം നടത്തുമ്പോൾ കുടുംബ പശ്ചാത്തലം, സ്വഭാവം എന്നീ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. വയോജനങ്ങളെ സംരക്ഷിക്കാതിരിക്കുക, സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും ചൂഷണം ചെയ്യുക, സ്വത്ത് കൈവശപ്പെ ടു ത്തുക, തുടങ്ങിയ പ്രവണതകൾ വർദ്ധിക്കുന്നു. ജില്ലയിലെ വാർഡ് തല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഇത്തരം ജീവിത പ്രശ്നങ്ങൾ തടയാനും അതിവേഗത്തിൽ പരിഹാരം കണ്ടെത്താനും സാധിക്കും.

വാർഡ് തല ജാഗ്രതാ കമ്മറ്റികൾക്ക് ജില്ലാതലത്തിൽ പ്രത്യേക പരിശീലനം നൽകും. മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നും കമ്മീഷൻ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനാൽ സൈബർ സെൽ ശക്തിപ്പെടുത്തണം .

മാട്രിമോണിയൽ പര്യസങ്ങൾ മുഖേന വിവാഹം നടത്തി ചുരുങ്ങിയ കാലയളവിൽ ആഭരണങ്ങൾ ദുരുപയോഗം ചെയ്യുകയും വിവാഹം നടത്തുന്നതിന് മുൻപായി പണം കൈവശപ്പെടുഞാൻ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയർന്നു.

കൗമാരകാർക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി സ്കൂൾ കോളേജ് തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. കുട്ടികൾക്കെതിരായ അക്രമം തടയുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിന് സാധിക്കും. അതിനാൽ ശാരീരിക വളർച്ച, ഹോർമോൺ വ്യതിയാനം എന്നിവയുടെ അറിവ് അനിവാര്യമാണ്. ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലെ വികലമായ അറിവ് തെറ്റുകളിലേക്ക് നയിക്കുന്നു. അതിനാൽ സ്ത്രീ പക്ഷ നിലപാടുകളിലൂന്നിയുള്ള സോഷ്യൽ മീഡിയ മോണിറ്ററിങ് അനിവാര്യമാണ് . മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി മാധ്യമങ്ങൾക്ക് ഒരു മാർഗ്ഗരേഖ സർക്കാരിന് നൽകുമെന്നും കമ്മീഷൻ പറഞ്ഞു.

ഒക്ടോബർ 28 , 29 തീയതികളിലായി വൈഎംസിഎ ഹാളിൽ നടന്ന അദാലത്തിൽ 162 പരാതികൾ പരിഗണിച്ചു. 31 പരാതികൾ തീർപ്പാക്കുകയും 13 പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. 118 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷൻ അംഗം അഡ്വ ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഡ്വക്കേറ്റ്മാരായ സ്മിത ഗോപി, എ.ഇ. അലിയാർ, പി. യമുന കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.