കാക്കനാട്: ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ പുതിയതായി 56178 അപേക്ഷകൾ. അപേക്ഷകരെ നേരിട്ട് സമീപിച്ചുള്ള പരിശോധന നവംബർ ഒന്നിന് ആരംഭിക്കും. ഒരു മാസം കൊണ്ട് പരിശോധനകൾ പൂർത്തിയാക്കും. 2022 ഫെബ്രുവരി 28 നുള്ളിൽ അന്തിമ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഭൂരഹിത ഭവനരഹിതർ, ഭൂമിയുള്ള ഭവനരഹിതർ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകൾ സ്വീകരിച്ചത്. 2021 ഫെബ്രുവരി വരെയുള്ള ഓൺലൈൻ അപേക്ഷകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഭൂമിയുള്ള ഭവനരഹിതരിൽ 35177 അപേക്ഷകളും ഭൂമിയില്ലാത്ത ഭവനരഹിതരിൽ 21001 അപേക്ഷകളും ആണ് ആകെയുള്ളത്.

ഓരോ തദ്ദേശസ്ഥാപനത്തിലും അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിർവഹണ ഉദ്യോഗസ്ഥർ തന്നെ അപേക്ഷകരെ നേരിട്ട് സമീപിച്ച് പരിശോധന നടത്തും. ആദി വാസി മേഖലയിൽ അപേക്ഷകരെ തിരിച്ചറിയുന്നതിനായി പട്ടിക വർഗ്ഗ പട്ടികജാതി അനിമേറ്റേർസ് അല്ലെങ്കിൽ പ്രാമോട്ടർസിന്റെ സേവനം പ്രയോജനപ്പെടുത്തും. അർഹതാ മാനദണ്ഡങ്ങൾ വസ്തുതാപരമാണോ എന്ന് അസ്സൽ രേഖകളുമായി ഒത്തുനോക്കി ഉറപ്പു വരുത്തും. ക്ലേശ ഘടകങ്ങൾ സംബന്ധിച്ച് സർക്കാർ അംഗീകരിച്ച രേഖകൾ പരിശോധിച്ച് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്തു എന്നും പരിശോധനകളിൽ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തും.

പരിശോധനകൾക്കു ശേഷം ഡിസംബർ ഒന്നിന് ഗുണഭോക്താക്കളുടെ കരട് പട്ടിക പഞ്ചായത്ത് തലത്തിൽ പ്രസിദ്ധീകരിക്കും. ഇതിൽ ഉൾപ്പെടാത്തവർക്ക് ഡിസംബർ 15 വരെ തദ്ദേശസ്ഥാപനങ്ങളിൽ അപ്പീൽ സമർപ്പിക്കാം. ഡിസംബർ 30 ന് ഒന്നാം ഘട്ട അപ്പീലിൽ തീർപ്പ് കൽപിക്കും. ഇതിലും ഉൾപ്പെട്ടിട്ടില്ല എങ്കിൽ 2022 ജനുവരി 15 വരെ ജില്ലാ തലത്തിൽ അപ്പീൽ നൽകാം. ജനുവരി 31 ന് രണ്ടാം ഘട്ട അപ്പീലിൽ തീർപ്പ് കൽപ്പിക്കും. 2022 ഫെബ്രുവരി പത്തിന് അന്തിക കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ ഗ്രാമസഭാ അംഗീകാരം ഫെബ്രുവരി 20 നുള്ളിലും ഭരണ സമിതി അംഗീകാരം ഫെബ്രുവരി 25 നുള്ളിലും നേടണം. 2022 ഫെബ്രുവരി 28 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

അനുവദിച്ച സമയത്തിനുള്ളിൽ തന്നെ തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ലൈഫ് മിഷൻ ജില്ലാ തല കർമ്മ സമിതി യോഗത്തിൽ കൺവീനർ കൂടിയായ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ്‌ സി തോമസ്, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.