കൊച്ചി: എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 6 ന് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കും. മഹാത്മാഗാന്ധിയുടെ 152 മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിക്കൂന്നത്. കളമശ്ശേരി ജംഗ്ഷനിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്,എറണാകുളത്ത് ചാത്യാത്ത് ചർച്ചിന് മുന്നിൽ ടി.ജെ.വിനോദ് എം.എൽ.എ, തൃപൂണിത്തുറ സ്റ്റാറ്റ്യൂ ജംഗ്ഷനിൽ കെ.ബാബു എം.എൽ.എ, പാലാരിവട്ടം ജംഗ്ഷനിൽ പി.ടി.തോമസ് എംഎൽഎ, കൊച്ചിയിൽ കെ.ജെ മാക്സി എം.എൽ.എ, നായരമ്പലത്ത് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ, പറവൂർ കവലയിൽ വി.ഡി.സതീശൻ എം.എൽ.എ, ആലുവ ഗാന്ധി സ്ക്വയറിൽ അൻവർ സാദത്ത് എം.എൽ.എ, അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ റോജി.എം.ജോൺ എം.എൽ.എ, കരി മുഗൾ ഗാന്ധി സ്ക്വയറിൽ പി.വി.ശ്രീനിജിൻ എം.എൽ.എ, പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കോതമംഗലം ഗാന്ധി സ്ക്വയറിൽ ആൻ്റണി ജോൺ എം.എൽ.എ, മൂവാറ്റുപുഴ ഗാന്ധി സ്ക്വയറിൽ മാത്യു കുഴലനാടൻ എം.എൽ.എ, പിറവം ടൗണിൽ അനുപ് ജേക്കബ് എം.എൽ.എ എന്നിവർ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്യും. ഗാന്ധിജിയുടെ 152 മത് ജന്മദിനത്തെ അനുസ്മരിപ്പിച്ച് 152 തിരികളാണ് ഓരോ കേന്ദ്രങ്ങളിലും തെളിയിക്കുന്നത്. ഗാന്ധിജയന്തിയുടെ ഭാഗമായി ഒക്ടോബർ 2 മുതൽ വിവിധ പരിപാടികളാണ് വിമുക്തി മിഷൻ നടത്തി വരുന്നത്. വിവിധ സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്.