സംസ്ഥാനത്ത് കായിക മേഖലയില്‍ അടിസ്ഥാന വികസനം ആവശ്യമാണെന്നും നിലവിലുള്ള സ്റ്റേഡിയങ്ങള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നതിന് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കാസര്‍കോട് ജില്ലയിലെ കായിക വികസനം സംബന്ധിച്ച് നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ കായിക രംഗവും കൂടി ഉള്‍പ്പെടുത്തി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് എന്ന സങ്കല്‍പ്പം ഇതിലൂടെ തുടങ്ങുകയാണ്. കായിക സാക്ഷരത താഴെത്തട്ടില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി തുറന്ന ജിംനേഷ്യങ്ങള്‍ ആരംഭിക്കും. രോഗങ്ങള്‍ കുറക്കാന്‍ ഇത് ഏറെ സഹായിക്കും. കായിക ക്ഷമതാ മിഷനെന്ന നിലയില്‍ കായിക മേഖലയെ ജനകീയമാക്കി കൊണ്ടു പോകേണ്ടതുണ്ട്.

ഇന്ത്യയില്‍ ഗുണമേന്‍മയുള്ള കായിക നയം രൂപീകരിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് കേരളം. ഇതിനായി കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന താരങ്ങള്‍, ഉദ്യോഗസ്ഥര്‍, പരിശീലകര്‍ തുടങ്ങിയവരൊക്കെയായി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വിവിധ വിദേശ സര്‍വകലാശാലകളുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ കായിക നയം രൂപീകരണത്തിന്റെ കരട് ജില്ലകളില്‍ എത്തിക്കും. ഇതില്‍ നല്ല ചര്‍ച്ചകള്‍ നടക്കണം. കാസര്‍കോട് ജില്ലയില്‍ കബഡി ജനകീയ കായിക വിനോദമാണ്. അതിന് നല്ലപ്രോത്സാഹനം നല്‍കാന്‍ എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്നതൊക്കെ ചര്‍ച്ചയുടെ ഭാഗമാക്കി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ആരംഭിക്കും. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് കായിക മേഖലയില്‍ തയ്യാറാക്കുന്നത്. ഭാവിയില്‍ നേട്ടങ്ങള്‍ നമ്മുടെ കുട്ടികളിലേക്ക് എത്തണം. പഞ്ചായത്ത് തല കളിമുറ്റങ്ങളെന്ന ആശയം ഇതിന്റെ ഭാഗമാണ്. ആദ്യ നൂറ് കളിക്കളങ്ങള്‍ ജനുവരിയോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ കായിക രംഗത്ത് കുറഞ്ഞത് 50000 കോടിയുടെ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്ക് ഫുട്ബോള്‍ രംഗത്ത് മതിയായ പരിശീലനം ലഭ്യമാക്കുന്നതിനായി കേരള ഫുടബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ കമ്പനി 300 കോടിയാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സ്പോര്‍ട്സ് ഡയരക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, സെക്രട്ടറി സുദീപ് ബോസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ പി.പി.അശോകന്‍, പള്ളം നാരായണന്‍, അനില്‍ ബങ്കളം, വി.വിജയമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.