എറണാകുളം: വലവീശിയും ചൂണ്ടയിട്ടും പൊക്കാളിപ്പാടങ്ങൾ കൊയ്തും പ്രകൃതിയോട് ചേര്‍ന്ന് നിന്ന കടമക്കുടി ഫെസ്റ്റിന് സമാപനം. ജില്ലാ കളക്ടർ ജാഫർ മാലിക് അവസാന ദിവസം അതിഥിയായെത്തി. കൂടാതെ ഫോർട്ട്കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ, ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി എന്നിവരും കടമക്കുടിയെ കാണാനെത്തി.
എറണാകുളം ഗവ. ലോ കോളേജിലെയും തൃക്കാക്കര ഭാരത് മാതാ കോളേജിലെയും വിദ്യാർത്ഥികളും കർഷക തൊഴിലാളികളും ചേർന്ന് കൊയ്തെടുത്ത കറ്റകൾ കളക്ടർക്ക് കൈമാറി. വിദ്യാർത്ഥികളുടെ ആവേശത്തെയും ഫെസ്റ്റിന് പിന്നിലുള്ള ആശയത്തേയും കളക്ടർ പ്രശംസിച്ചു. ദേശീയ, സംസ്ഥാന അവാർഡ് ജേതാവ് രജീഷ് മുളവുകാട് അവതരിപ്പിച്ച നാടൻപാട്ട് ആസ്വദിച്ച ശേഷമാണ് കളക്ടറും സംഘവും മടങ്ങിയത്.
നാടിന് ഉത്സവഛായ പകർന്നാണ് വില്ലേജ് ഫെസ്റ്റ് സമാപിച്ചത്. നാല് ദിനവും വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ നാട്ടുകാരോടൊപ്പം കൊയ്ത്തിനിറങ്ങിയതാണ് കൊയ്ത്തുത്സവത്തെ വ്യത്യസ്‍തമാക്കിയത്. അഞ്ച് ഏക്കർ സ്ഥലത്തെ പൊക്കാളി നെല്ല് നാല് ദിവസങ്ങൾ കൊണ്ട് കൊയ്തെടുത്തു. എറണാകുളം എം.പി ഹൈബി ഈഡൻ, വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ് തുടങ്ങിയവരും കൊയ്ത്തുത്സവത്തിൽ അതിഥികളായി എത്തി.
വില്ലേജ് ഫെസ്റ്റിന് മാറ്റ് കൂട്ടി ചൂണ്ടയിടൽ മത്സരം, വലയെറിയുവാനുള്ള പരിശീലനം, കയാക്കിംഗ്, മഡ് ഗെയിം, ഞണ്ട് പിടുത്തം എന്നിവയും നടന്നു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജൈവകർഷകർ, അക്വാഫാം ഉടമകൾ, വില്ലേജ് ടൂർ ഓപ്പറേറ്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് വില്ലേജ് ഫെസ്റ്റ് നടന്നത്. കടമക്കുടിയിലെ നിരവധി സ്ത്രീകൾ ചേർന്നുകൊണ്ട് വൈകുന്നേരങ്ങളിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. കൊയ്ത്ത് പാട്ട്, നാടൻ പാട്ട് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള കലാസന്ധ്യകളിൽ പ്രമുഖ കലാകാരൻമാർ പങ്കെടുത്തു. പൊക്കാളി കൃഷിയുടെ പ്രധാന്യം പുതു തലമുറയിലേക്ക് എത്തിക്കുന്നതിനും കടമക്കുടിയുടെ ടൂറിസം സാധ്യതകൾ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ക്യാപ്ഷൻ: കടമക്കുടി ഫെസ്റ്റിൽ കർഷക തൊഴിലാളികളോടൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക്