ജീവിതം തന്നെ മാറ്റി മറിച്ച ഒരു അപകടം മൂലം പതിനഞ്ചാം വയസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു പഠിതാവ് ആയിരുന്നു പൈനാവ് ഫ്‌ലവേഴ്‌സ് കോളനിയിലെ ബി നീഷ് പി.എസ്. എല്ലാവരെയുംപോലെ എസ്എസ്എല്‍സി കാലഘട്ടത്തില്‍ പുന്നയാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെ കെട്ടിടം പണിക്ക് പോയി. അവിടെ നിന്നും ബിനീഷിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു. കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലായി. അന്നന്നത്തെ ആഹാരത്തിനായി ബുദ്ധിമുട്ടിയിരുന്ന മാതാപിതാക്കള്‍ കിടപ്പാടം വിറ്റു വരെ ചികിത്സിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. പിന്നീട് വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച് രോഗിയായ അച്ഛനും ബിനീഷിനെ വിട്ടുപോയി. പ്രായമായ അമ്മയായി ഏക ആശ്രയം.
സ്വപ്നങ്ങള്‍ക്ക് നിറം പകരാനായി ബിനീഷ് അവശതകളോട് പൊരുതാന്‍ തീരുമാനിച്ചു. വാടക വീട്ടില്‍ നിന്നും പൈനാവില്‍ ഫ്ളവേഴ്‌സ് നല്‍കിയ വീട്ടിലേക്ക് താമസം മാറി. ചെറിയ കൈ തൊഴിലുകളായ സോപ്പ്, ലോഷന്‍, LED ബള്‍ബ് എന്നിവ നിര്‍മ്മിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു.പഠിക്കണമെന്ന ആഗ്രഹം ഉപേക്ഷിക്കാതിരുന്ന ബിനീഷ് 2013ല്‍ കേരള സാക്ഷരതാ മിഷന്‍ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് പേര് നല്‍കിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പഠിക്കാന്‍ സാധിച്ചില്ല. അമ്മയുടെ പിന്തുണ കൊണ്ട് വീണ്ടും പാറേമാവ് തുടര്‍ വിദ്യാകേന്ദ്രത്തിലെ പ്രേരകായ അമ്മിണി ജോസിന്റെ അടുത്ത് പേരുനല്‍കി. വിജയകരമായി 85 ശതമാനം മാര്‍ക്ക് നേടി പഠനം പൂര്‍ത്തിയാക്കി.
മുച്ചക്ര വാഹനത്തില്‍ ക്ലാസ്സില്‍ എത്തിയിരുന്ന ബിനീഷ് ഈ വിജയം അമ്മയ്ക്കും തന്നെ എടുത്തു ക്ലാസ്സില്‍ കൊണ്ടുപോയിരുന്ന കൂട്ടുകാര്‍ക്കും ഒപ്പം എല്ലാ സഹായവും ചെയ്തു തന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലെ അംഗങ്ങള്‍ക്കും സെന്റര്‍ കോഡിനേറ്റര്‍ ഐബി ടീച്ചറിനും പഠിപ്പിച്ച മറ്റ് അധ്യാപകര്‍ക്കും ആയി സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി കോഴ്‌സും കമ്പ്യൂട്ടര്‍ കോഴ്സും പഠിക്കണമെന്നും വരുമാനമുള്ള ഉള്ള ഏതെങ്കിലും ഒരു ജോലി നേടി അമ്മയ്ക്ക് താങ്ങ് ആകണം എന്നും ബിനീഷ് ആഗ്രഹിക്കുന്നു.