ചാവക്കാട് നഗരസഭയിൽ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന വാതിൽപ്പടി സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട 50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചാവക്കാട് നഗരസഭയും തിരഞ്ഞെടുത്തിട്ടുള്ളത് നഗരസഭയ്ക്ക് അഭിമാനാർഹമായ കാര്യമാണെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു. പ്രായാധിക്യം ഗുരുതര രോഗം, അതി ദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റു നിസ്സഹായാവസ്ഥകളും മൂലം സർക്കാർ സേവനങ്ങൾ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെയും അടുത്തേക്ക് സേവനങ്ങൾ സുഗമവും കാര്യക്ഷമവും സമയ ബന്ധിതവുമായി എത്തിച്ചു നൽകുന്നതിനാണ് വാതിൽപടി സേവനം ആരംഭിച്ചിട്ടുള്ളത്. വാതിൽപ്പടി സേവനത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ്, സാമൂഹ്യസുരക്ഷ പെൻഷൻ അപേക്ഷ, സി.എം.ഡി.ആർ.എഫ് അപേക്ഷ, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നീ സേവനങ്ങളാണ് നൽകുന്നത്. നഗരസഭയിലെ വാതിൽപ്പടി സേവന പദ്ധതിക്കായി 17 അംഗ മുനിസിപ്പൽ തല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നഗരസഭയിൽ 669 ഗുണഭോക്താക്കളെ സേവനപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കണ്ടെത്തി. പദ്ധതിയുടെ നടത്തിപ്പിനായി 2 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. സേവനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കും കമ്മിറ്റി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.

ചടങ്ങിൽ സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു. തുടർന്ന് ഗുണഭോക്താക്കൾക്കുള്ള  ബെനിഫിഷ്യറി കാർഡിന്റെ വിതരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ഒന്നാം വാർഡിലെ ഗുണഭോക്താവായ സുലൈമാൻ മുസ്‌ലിംവീട്ടിൽ എന്നവരുടെ ഭവനം ചെയർപേഴ്സന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ അക്ഷയ പ്രതിനിധികളുടെ സഹകരണത്തോടെ വീട്ടിൽ വെച്ച് തന്നെ ഓൺലൈനായി നൽകുകയും ചെയ്തു. ചാവക്കാട്  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, ബുഷറ  ലത്തീഫ്, എ വി മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധി ജോജി തോമസ്, മുനിസിപ്പൽ തല കമ്മിറ്റി അംഗങ്ങൾ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, മുനിസിപ്പൽ എൻജിനീയർ പി പി റീഷ്മ തുടങ്ങിയവർ പങ്കെടുത്തു.