പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്കായി ആവിഷ്‌കരിച്ച വരള്‍ച്ച ലഘൂകരണ പദ്ധതികള്‍ക്കു ഭരണാനുമതി. പദ്ധതിയിലൂടെ 2.85 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൃഷിവകുപ്പിന്റെ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ വികസനത്തിനാണ് തുക വിനിയോഗിക്കുക. ജില്ലാ മണ്ണു സംരക്ഷണ ഓഫിസ് മുഖേനയാണ് പദ്ധതി നിര്‍വഹണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളിലായി കടമാന്‍ തോട്ടിലേക്കും കന്നാരംപുഴയിലേക്കും നീരൊഴുക്കുള്ള പ്രദേശങ്ങളുമാണ് വരള്‍ച്ച ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 4,030 ഹെക്റ്റര്‍ വനവും 2,777 ഹെക്റ്റര്‍ വയലും അടങ്ങുന്നതാണ് പദ്ധതി പ്രദേശം. 80.20 കോടി രൂപയാണ് വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ അടങ്കല്‍.

കബനി നദിയോട് ചേര്‍ന്നുള്ള പഞ്ചായത്തുകളിലെ പരിസ്ഥിതി പുനസ്ഥാപനവും ജൈവവൈവിധ്യ വികസനവുമാണ് ലക്ഷ്യം. ആരംഭിച്ച് മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ണുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 2016 നവംബര്‍ മുതല്‍ നടത്തിയ സര്‍വേയുടെയും ഫീല്‍ഡ് പരിശോധനയുടെയും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്.

കൃഷി, വനം, ക്ഷീരവികസനം, ചെറുകിട ജലസേചനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും പങ്കാളികളാക്കിയാണ് വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ നിര്‍വഹണം. കബനിതീരത്ത് 12 കിലോമീറ്റര്‍ വൃക്ഷവല്‍ക്കരണം, 6,000 ഹെക്റ്റര്‍ കരപ്രദേശത്ത് നാടന്‍ ഇനങ്ങളില്‍പ്പെട്ട 1.5 ലക്ഷം വൃക്ഷത്തൈകള്‍ വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകളുടെ സഹകരണത്തോടെ നടീല്‍, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും വളപ്പുകളില്‍ യോജിച്ച സ്ഥലങ്ങളില്‍ വൃക്ഷക്കൂട്ടം (കാവ്) നിര്‍മ്മാണം, പദ്ധതി പ്രദേശത്തെ ചെറുതും വലുതുമായ നീര്‍ച്ചാലുകളുടെ ഓരങ്ങളില്‍ 100 കിലോമീറ്റര്‍ നീളത്തില്‍ ഓട, മുള നട്ടുവളര്‍ത്തല്‍, 200 വീതം ഹെക്റ്ററില്‍ തീറ്റപ്പുല്‍കൃഷിയും കരനെല്‍കൃഷിയും, 750 ഹെക്റ്ററില്‍ പുതവിള (കവര്‍ ക്രോപ്), ഉറവകളുടെ സംരക്ഷണം, കബനി ജലം ഉപയോഗപ്പെടുത്തി ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ചെറുകിട മണ്ണണ, കോണ്‍ക്രീറ്റ് തടയണ, കുളം നിര്‍മ്മാണം, കിണര്‍ റീ ചാര്‍ജിംഗ്, പുഴകളും തോടുകളും ഉള്‍പ്പെടെ ജലസ്രോതസുകളുടെ അരികുസംരക്ഷണം തുടങ്ങിയവ ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഉള്‍പ്പെടും.