പൊന്നാനി നഗരസഭയില്‍ ഭവന നിര്‍മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. നഗരസഭയുടെ പി.എം.എ.വൈ – ലൈഫ് പദ്ധതിയുടെ ഏഴാം ഡി.പി.ആറില്‍ ഉള്‍പ്പെട്ട 65 പേരുടെ സംഗമമാണ് സംഘടിപ്പിച്ചത്. 640 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് നഗരസഭ ഫണ്ട് അനുവദിക്കുന്നത്. ഓരോ കുടുംബങ്ങള്‍ക്കും വീട് നിര്‍മിക്കാനായി നാല് ലക്ഷം വീതം അനുവദിക്കും. നിലവില്‍ നഗരസഭയുടെ ആറ് ഡി.പി.ആറുകളിലായി 1320 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയതിന് കൂടി അംഗീകാരം ലഭിച്ചതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 1385 ആയി. ഇതില്‍ 1016 പേര്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ള ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയുമാണ്.

ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല രജീഷ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, ഷീനാസുദേശന്‍, കൗണ്‍സിലര്‍മാരായ ഗിരീഷ് ബാബു, എ. അബ്ദുള്‍ സലാം, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് സുജിത്ത് ഗോപിനാഥ്, നിവ്യ, ജസീന തുടങ്ങിയവര്‍ പങ്കെടുത്തു.