കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ ജില്ലയിലെ 544 വാര്‍ഡുകളില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം പൂര്‍ത്തിയായി. നവംബര്‍ 10നകം 232 വാര്‍ഡുകളില്‍ കൂടി ഗ്രൂപ്പുകള്‍ രൂപീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും ഓക്സിലറി ഗ്രൂപ്പുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍.

ഒരു വീട്ടില്‍ നിന്ന് ഒരു അംഗത്തിന് മാത്രമാണ് കുടുംബശ്രീയുടെ ഭാഗമാകാവുന്നതെങ്കില്‍ ഓക്സിലറി ഗ്രൂപ്പുകളില്‍ ആ പരിധിയില്ല. അതിനാല്‍ തന്നെ തീരദേശ മേഖലകളിലും പട്ടിക വര്‍ഗ മേഖലകളിലും മലയോരങ്ങളിലുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നവംബര്‍ പത്തിന് ശേഷം ഓക്സിലറി ഗ്രൂപ്പുകളുടെ പ്രചരണാര്‍ത്ഥം ജില്ലാ മിഷന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കോളേജുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് ഫ്ളാഷ് മോബ്, തെരുവ് നാടകങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

നവംബര്‍ 10 നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് പ്രഖ്യാപനം നടത്തും. നവംബര്‍ 12ന് ജില്ലാതല പ്രഖ്യാപനം നടക്കുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.