സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മൂര്‍ക്കനാട് പഞ്ചായത്തിലെ കൂമുള്ളിക്കളം കോളനിയില്‍ 77 വയസുള്ള ചക്കിക്ക് ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ അധ്യക്ഷയായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം വിശിഷ്ടാതിഥിയായി. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
നവംബര്‍ ഏഴ് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ 132 പഠന കേന്ദ്രങ്ങളിലായി 2,738 പേരാണ് പരീക്ഷ എഴുതുന്നത്. മൊറയൂരിലെ 90 വയസുള്ള സുബൈദ സംസ്ഥാനത്തെ പ്രായം കൂടിയ പഠിതാവാണ്. ഇവര്‍ നവംബര്‍ 12ന് മൊറയൂരില്‍ പരീക്ഷ എഴുതും. ജില്ലയില്‍ ഇന്നലെയും ഇന്നുമായി 707 പേര്‍ പരീക്ഷ എഴുതി. ശേഷിക്കുന്നവര്‍ നവംബര്‍ 14 വരെയുള്ള വിവിധ ദിവസങ്ങളിലായി പരീക്ഷ എഴുതും.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ഏഴ് മുതല്‍ 14 വരെയുളള വിവിധ ദിവസങ്ങളിലായി പരീക്ഷ ക്രമീകരിച്ചത്. മൂര്‍ക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അബ്ദുല്‍ മുനീര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം റഹ്മത്തുന്നീസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകലാ മദനന്‍, എം.ടി ദീപ, സജീഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് നോഡല്‍ പ്രേരക് ഉമ്മു ഹബീബ എന്നിവര്‍ സംസാരിച്ചു.