ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാശ്രീ പദ്ധതിയില്‍പ്പെടുത്തി ലാപ്‌ടോപ് നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
കണിച്ചുകുളങ്ങര വി.എച്ച്.എസ് സ്‌കൂളിനാണ് ആദ്യത്തെ ലാപ്‌ടോപ്പ് നല്‍കിയത്. ഉദ്ഘാടനച്ചടങ്ങില്‍ 42 സ്കൂളുകളുടെ പ്രതിനിധികള്‍ ലാപ്ടോപ്പുകള്‍ ഏറ്റുവാങ്ങി. ജില്ലയില്‍ ആകെ 762 എണ്ണമാണ് വിതരണം ചെയ്യുന്നത്. സ്കൂളില്‍ നിന്നും ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്ന രീതിയിലാണ് ഇവ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുക.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ അര്‍ഹരായ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും 10, 12 ക്ലാസുകളിലെ അര്‍ഹരായ പട്ടികജാതി വിഭാഗം കുട്ടികള്‍ക്കുമാണ് ലാപ്ടോപ്പുകള്‍ ലഭിക്കുക. ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗരീതി കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഋഷി നടരാജന്‍ ചടങ്ങില്‍ വിവരിച്ചു. കൈറ്റിലെ ട്രെയിനര്‍മാരും വിവിധ സ്കൂളുകളില്‍നിന്നുള്ള അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.