പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ പരാജയപ്പെട്ട കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കി വിജയം നേടാന്‍ സഹായിക്കുന്ന കേരളാ പോലീസിന്റെ ‘ഹോപ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ‘പ്രതീക്ഷോത്സവം’ എന്ന് പേരിട്ട ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് ഡിഎച്ച്ക്യു ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി എന്‍.രാജന്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസത്തിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളതെന്നും പല കാരണങ്ങളാല്‍ തോല്‍വി സംഭവിച്ച് തുടര്‍ പഠനം മുടങ്ങിപ്പോകുന്ന കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്നതിന് കേരളാ പോലീസ് 2011 മുതല്‍ വിജയകരമായി നടപ്പാക്കിവരുന്ന ‘ഹെല്‍പ്പിങ് അതേഴ്സ് ടു പ്രൊമോട്ട് എഡ്യൂക്കേഷന്‍'( ഹോപ്) പദ്ധതിയില്‍ ജില്ലയില്‍ 230 കുട്ടികള്‍ ഇതുവരെ ചേര്‍ന്നിട്ടുണ്ടെന്നും മനസുവച്ചാല്‍ നേടാവുന്ന വിജയത്തിന് കുട്ടികള്‍ക്കൊപ്പം പോലീസ് ഉണ്ടാകുമെന്നും ഹോപ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസില്‍ ആദ്യം തോറ്റിട്ടും പിന്നീട് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും ഡോക്ടറേറ്റ് വരെ കരസ്ഥമാക്കുകയും ചെയ്ത ഡിവൈഎസ്പി ആര്‍.ജോസിനെപ്പോലുള്ളവര്‍ കുട്ടികള്‍ക്കും, ഭര്‍ത്താവ് അകാലത്തില്‍ മരണപ്പെട്ടിട്ടും നാലാം ക്ലാസ് മാത്രം പഠിച്ച ഒരമ്മ തന്റെ ആറു പെണ്മക്കളെ ഡോക്ടര്‍മാര്‍ ആക്കാന്‍ നടത്തിയ കഠിനശ്രമങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്കും പ്രചോദനവും ആവേശവുമാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ജില്ലയില്‍  പദ്ധതി  വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും വിദ്യാഭ്യാസം ഒരുവനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റുമെന്നും അധ്യക്ഷത വഹിച്ച എസ്പിസി ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യുമായ ആര്‍.പ്രദീപ് കുമാര്‍ പറഞ്ഞു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ എ.ബിനു സ്വാഗതം പറഞ്ഞു.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള, ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് കുമാര്‍, സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രമേശ് കുമാര്‍, പ്രതിഭാ കോളേജ് പ്രിന്‍സിപ്പല്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്പിസി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ സുരേഷ് കുമാര്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന്, പങ്കെടുത്ത അമ്പതോളം കുട്ടികള്‍ക്ക് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ക്ലാസുകളും നടന്നു.