പതിനെട്ട് വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നൽകി മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. പഞ്ചായത്തിലെ രണ്ട് ഡോസ് വാക്സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കി. പതിനെട്ടു വയസ് പൂർത്തിയായ 13185 പേരിൽ 13143 പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 42 പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല.

പഞ്ചായത്തിൽ 60 വയസ് കഴിഞ്ഞ 3001 പേർക്കാണ് വാക്സിൻ നൽകേണ്ടിയിരുന്നത്. ഇതിൽ 2996 പേർ വാക്സിൻ സ്വീകരിച്ചു. 60 വയസ് പൂർത്തിയായ അഞ്ച് പേരാണ് വാക്സിൻ സ്വീകരിക്കാതിരുന്നത്. 45 നും 59 നും ഇടയിൽ പ്രായമുള്ള നാലു പേർ വാക്സിനേഷനിൽ നിന്നും വിട്ടു നിന്നപ്പോൾ 3611 പേർ രണ്ട് ഡോസും സ്വീകരിച്ചു.

ഭിന്നശേഷി ക്കാരായ 155 പേരും കിടപ്പു രോഗികളും മറ്റ് അസുഖ ബാധിതരുമായ 168 പേരും വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടും. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് പഞ്ചായത്തിൽ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ 432 പേരും പട്ടിക വർഗ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ 21 പേരും വാക്സിൻ സ്വീകരിച്ചു. മൂന്ന് അഗതികൾക്കും പഞ്ചായത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. 18 നും 44 നും ഇടയിൽ പ്രായമുള്ള 33 പേരാണ് വാക്സിനേഷനിൽ നിന്നും വിട്ടു നിന്നത്.

ചിലർ ആദ്യ ഡോസ് സ്വീകരിച്ചുവെങ്കിലും പിന്നീട് കോവിഡ് പോസിറ്റീവ് ആയി മൂന്നു മാസം പൂർത്തിയാകാത്തതിനാൽ രണ്ടാം ഡോസ് നൽകിയിട്ടില്ല. ഇവർക്ക് പിന്നീട് രണ്ടാം ഡോസ് വാക്സിൻ നൽകും.18 നും 44 നും ഇടയിൽ പ്രായമുള്ള 6536 പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാണ് പഞ്ചായത്ത് നടത്തിയത്. പത്തിൽ താഴെയായിരുന്നു പഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാക്സിൻ നൽകുന്നതിന് രജിസ്റ്റർ ചെയ്യുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.

ഇവർക്കായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യം ഏർപ്പെടുത്തിയാണ് വാക്സിനേഷൻ പൂർത്തിയാക്കിയതെന്ന് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ഡാറ്റാ എൻട്രി ഓപറേറ്റർമാരെ ഇതിനായി നിയമിച്ചു. കൂട്ടായ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയുമാണ് നേട്ടം കൈവരിച്ചതെന്നും ഒ.പി. ബേബി പറഞ്ഞു.