ജൈവകൃഷിയും വിപണനവും സംബന്ധിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന സർവേയ്ക്കു തുടക്കമായി.  ജൈവകൃഷിരീതികൾ, ഉല്പാദനം, വിപണനം, സംഭരണം, കൃഷിച്ചെലവ്, വരുമാനം, കയറ്റുമതി, സർട്ടിഫിക്കേഷൻ, ജൈവകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ, അവർക്ക് ലഭ്യമാകുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സർവേയുടെ ഭാഗമായി ശേഖരിക്കും.

കൃഷി ചെയ്യുന്ന വിളകൾ, മണ്ണ് പരിശോധന, മണ്ണിന്റെ രാസസ്വഭാവ ഘടകങ്ങൾ, സസ്യപോഷണ മൂലകങ്ങളുടെ അളവ്, കൃഷിയിടത്തെയും വിളകളെയും ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും, അവയെ നിയന്ത്രിക്കുന്നതിനവലംബിക്കുന്ന മാർഗങ്ങൾ എന്നിവ കർഷകരിൽ നിന്നും ലഭിക്കുന്നതിനു വേണ്ട രീതിയിലാണ് ശാസ്ത്രീയമായി സർവേയുടെ ചോദ്യാവലി രൂപകല്പന ചെയ്തിട്ടുള്ളത്. വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥരാണു സർവേ നടത്തുന്നത്.  ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ രണ്ട് മാസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യം.