ഉദ്ഘാടനത്തിനൊരുങ്ങി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ചെറുവാള്‍ അങ്കണവാടി. കൊടകര ബ്ലോക്കിന് കീഴിലെ നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 60 ആം നമ്പര്‍ അങ്കണവാടിക്ക് മുന്‍ എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥിന്റെ പ്രത്യേക വികസന പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അങ്കണവാടിയുടെ ഉദ്ഘാടനം നവംബര്‍ 15ന് കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കും. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിക്കും. 750 ചതുരശ്ര അടി തറ വിസ്തീര്‍ണത്തിലാണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒരു ഹാള്‍, ഭക്ഷ്യ വസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിന് സ്റ്റോര്‍ റൂം, ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള, എന്നിവയ്ക്ക് പുറമെ കെട്ടിടത്തിനുള്ളില്‍ ശിശുസൗഹൃദ ടോയ്ലറ്റും പുറത്ത് സാധാരണ ടോയ്ലറ്റും കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുടിവെള്ളം ഉറപ്പാക്കുന്നതിന് ഒരു കിണറുമുണ്ട്. ഏറെ വര്‍ഷങ്ങള്‍ വാടകക്കെട്ടിടത്തിലും കഴിഞ്ഞ മൂന്നുവര്‍ഷമായി ചെറുവാള്‍ ഗ്രൗണ്ടില്‍ ഓപ്പണ്‍ സ്റ്റേജിലുള്ള ഗ്രീന്‍ റൂമിലും പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് പഞ്ചായത്ത് വക 8 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ മുറ്റത്ത് ട്രെസ്സ് വിരിച്ച് ഊഞ്ഞാല്‍, സീസോ തുടങ്ങിയ കളി ഉപകരണങ്ങള്‍ ഒരുക്കും. കെട്ടിട വളപ്പിനുള്ളില്‍ പച്ചക്കറി കൃഷിക്കും
അലങ്കാര ചെടികള്‍ വെച്ചു പിടിപ്പിച്ച് കെട്ടിടത്തിന് അഴക് കൂട്ടുന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. അങ്കണവാടി ടീച്ചര്‍ അനിതാ പി എയും സഹായി ശാന്താ പി എസും ആണ് അങ്കണവാടി ജീവനക്കാര്‍.