കൊച്ചി: കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സേനാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്ക്രേ ഉദ്ഘാടനം ചെയ്തു. കൊച്ചി ആസ്ഥാനമായ റെസ്‌പോണ്ടേഴ്‌സ് പരിശീലന പരിപാടിയുടെ ആദ്യഘട്ടത്തില്‍ 500 പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഡിസിപി അറിയിച്ചു. ഹൃദയ സ്തംഭനം സംഭവിച്ചാല്‍ നല്‍കുന്ന സിപിആര്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അതിനൂതന സാങ്കേതിക വിദ്യയാണ് ബേസിക് റെസ്‌പോണ്ടേഴ്‌സ് കോഴ്‌സിന്റെ സവിശേഷതയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബ്രയിന്‍ വയര്‍ മെഡി മാനേജിംഗ് ഡയറക്ടര്‍ എന്‍.എം കിരണ്‍ പറഞ്ഞു. പ്രത്യേകം വികസിപ്പിച്ചെടുത്ത റോബോട്ടില്‍ പ്രായോഗിക പരിശീലനം നടത്തുമ്പോള്‍ ഹൃദയത്തില്‍ സംഭവിക്കുന്ന രക്തചംക്രമണം സസൂഷ്മം നിരീക്ഷിക്കാനാവുമെന്നതാണ് ഈ ജീവന്‍ രക്ഷാപദ്ധതിയുടെ മര്‍മമെന്ന് എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധന്‍ ഡോ.മുഹമ്മദ് ഹനീഫ് പറഞ്ഞു. ചടങ്ങിൽ അസി.പോലീസ് കമ്മീഷണര്‍മാരായ വിനോദ്പിളള, സാജന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. താത്പര്യമുളള പൊതുജനങ്ങള്‍ക്കും ട്രാഫിക് പോലീസിന്റെ വെസ്റ്റ് സ്റ്റേഷനിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാമെന്ന് എസിപി സാജന്‍ സേവ്യര്‍ അറിയിച്ചു.
