*-റേഷൻകാർഡ് മാനേജ്‌മെന്റ് സിസ്റ്റവും എന്റെ റേഷൻകാർഡ് മൊബൈൽ ആപ്പും പ്രകാശനം ചെയ്തു
റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനിൽ സമർപ്പിക്കാവുന്ന റേഷൻകാർഡ് മാനേജ്‌മെന്റ് സിസ്റ്റം ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നടപ്പാകുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസിലും ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിലും ഇപ്പോൾ ഇതു നടപ്പായിക്കഴിഞ്ഞു. ഈ സംവിധാനമുപയോഗിച്ച് റേഷൻകാർഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. റേഷൻകാർഡ് സംബന്ധമായ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്ന
റേഷൻകാർഡ് മാനേജ്‌മെന്റ് സിസ്റ്റം ആദ്യ ലോഗിൻ ചെയ്യലും എന്റെ റേഷൻകാർഡ് മൊബൈൽ ആപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യമായ പൊതു വിതരണ സംവിധാനം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് സേവനങ്ങൾ അനായാസം ലഭ്യമാക്കാനും പൊതു വിതരണവകുപ്പിനെ ആധുനീകരിച്ചു വരികയാണ്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.civilsupplieskerala.gov.in ലൂടെ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയും അക്ഷയ സെന്ററുകൾ വഴിയും വ്യക്തികൾക്കു നേരിട്ടും റേഷൻകാർഡ് മാനേജ്‌മെന്റ് സംവിധാന (ആർസിഎംഎസ്)ത്തിൽ പ്രവേശിക്കാം. പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും കാർഡിലെ അഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാർഡ് സറണ്ടർ ചെയ്യാനും ഉടമസ്ഥാവകാശം മാറ്റാനും വിലാസം മാറ്റാനും റേഷൻകട മാറ്റാനും ഡ്യൂപ്ലിക്കറ്റ് റേഷൻകാർഡിന് അപേക്ഷിക്കാനും പേര് തിരുത്താനും അംഗങ്ങളെ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
അപേക്ഷകൾ സംബന്ധിച്ച മറ്റു നടപടികൾ പൂർത്തിയായതിനുശേഷം അപേക്ഷകർക്ക് മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും. അതനുസരിച്ച് ബന്ധപ്പെട്ട ഓഫീസിലെത്തി റേഷൻകാർഡ് കൈപ്പറ്റിയാൽ മതി. അക്ഷയ സെന്ററുകൾ മുഖേന പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ 50 രൂപയും മറ്റു സേവനങ്ങൾക്ക് 35 രൂപയുമാണ് ഫീസ്.
മൊബൈൽഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എന്റെ റേഷൻ കാർഡ് എന്ന ആപ് ഡൗൺലോഡ് ചെയ്തും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ചടങ്ങിൽ അക്ഷയ സെന്ററുകൾക്കുള്ള യൂസർനെയിമും പാസ്‌വേഡും ഐ.ടി. സെക്രട്ടറി എം.ശിവശങ്കരനു നൽകി മന്ത്രി പ്രകാശനം ചെയ്തു. ആദ്യമായി ഓൺലൈൻ മുഖേന റേഷൻകാർഡിന് അപേക്ഷിച്ച സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ. മോഹൻദാസിന് മന്ത്രി റേഷൻകാർഡ് കൈമാറി. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.