വീരമൃത്യു വരിച്ച സേനാനികളുടെ സ്മരണാര്‍ത്ഥവും അവരുടെ കുടുംബത്തിന്റെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഡിസംബര്‍ ഏഴിന് ആചരിക്കുന്ന സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം നടത്തും. സായുധ സേന പതാക ദിനാചരണത്തിന്റെ ഭാഗമായി എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ സായുധ സേന പതാകനിധി കമ്മിറ്റി, ജില്ലാ സൈനിക ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

14 ലക്ഷം രൂപയാണ് ഈ വര്‍ഷത്തില്‍ കണ്ടെത്തുക. ഇതിനായി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതില്‍ ബാക്കിയുള്ള പ്രത്യേക പതാകകളും സ്റ്റാമ്പുകളും എല്ലാ ഓഫീസുകളിലും വില്‍പന നടത്താന്‍ തീരുമാനിച്ചു. സായുധ സേന പതാക ദിനത്തിന്റെ സവിശേഷത പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ലഘുലേഖ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യും.

വിവിധ സാമ്പത്തിക സഹായങ്ങളിലേക്ക് വന്ന 58 അപേക്ഷകള്‍ ജില്ലാ സൈനിക ബോര്‍ഡ് അംഗീകരിച്ചു. സ്റ്റേറ്റ് മിലിറ്ററി ബെനവലന്റ് ഫണ്ടിലേക്ക് വന്ന 25 അപക്ഷകര്‍ക്കായി 2,07000 രൂപയും ഡിസ്ട്രിസ്റ്റ് മിലിറ്ററി ബെനവലന്റ് ഫണ്ടിലേക്ക് വന്ന 29 അപക്ഷകര്‍ക്കായി 1, 87000 രൂപയും അടിയന്തര സാമ്പത്തിക സഹായമായി നാല് പേര്‍ക്ക് 5000 രൂപ വീതവും നല്‍കും.

ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, വിവിധ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.