കൊച്ചി: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വില്‍പന ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായിട്ടാണ് ഈ വര്‍ഷം ഭാഗ്യക്കുറി വിപണിയിലെത്തുന്നത്. കാലവര്‍ഷക്കെടുതിയില്‍ വിപണിയെ ഉണര്‍ത്താന്‍ ഇത് സഹായകമാകും എന്ന് എംഎല്‍എ പറഞ്ഞു. കൊച്ചിയെ സംബന്ധിച്ച് വലിയ മാര്‍ക്കറ്റാണ് ഭാഗ്യക്കുറി മേഖലക്ക് ഉള്ളത്. കേരള സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം സംസ്ഥാന ഭാഗ്യക്കുറിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.
നിരാലംബരായ കുറെ ആളുകളുടെ കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഭാഗ്യക്കുറി മേഖലയ്ക്ക് വലിയ പങ്കുണ്ട്. ധാരാളം പ്രതിസന്ധികള്‍ നേരിടുന്ന മേഖല കൂടിയാണ് ഇതെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. ചെറുകിട വിപണനം നടത്തുന്ന ലോട്ടറി ഏജന്റുമാര്‍ക്ക് ലഭ്യമാകുന്ന ലോട്ടറിയുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ആകര്‍ഷകമായ സമ്മാനത്തുക ലോട്ടറി എടുക്കുന്നവര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവോണം ബമ്പര്‍ 2018 ന്റെ പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു. ലോട്ടറി ഏജന്റ് അജേഷ്‌കുമാര്‍ (10000 ടിക്കറ്റ്), ജ്യോതിഷ്‌കുമാര്‍ (2000 ടിക്കറ്റ്), ബ്രഷ്‌നേവ് (1000 ടിക്കറ്റ്) സിന്ധു (300 ടിക്കറ്റ്) സ്മിത (500 ടിക്കറ്റ് ) എന്നിവര്‍ ആദ്യ വില്‍പ്പനയില്‍ പങ്കാളികളായി. ഉദ്ഘാടനത്തോടനുബന്ധിച്ച് 30,000 ടിക്കറ്റിന്റെ വില്‍പ്പന നടന്നു.
അറുപത്തിയഞ്ച് കോടി പതിനൊന്നര ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. 250 രൂപ മുഖവില നിശ്ചയിച്ചിട്ടുളള ടിക്കറ്റിന് ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50ലക്ഷം രൂപ വീതം 10 പേര്‍ക്കായി അഞ്ച് കോടിയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക് രണ്ട് കോടി രൂപ സമ്മാനത്തുകയും വാഗ്ദാനം ചെയ്തിട്ടുളള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സപ്തംബര്‍ 19 നാണ്.
കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് അദ്ധ്യക്ഷയായിരുന്നു, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഷീബ മാത്യൂ, അസിസ്റ്റനറ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.കെ.തങ്കപ്പന്‍, എറണാകുളം മേഖല ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഡി അപ്പച്ചന്‍, ലോട്ടറി തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ മുരുകന്‍, ബാബു കടമക്കുടി, വി.ടി സേവ്യര്‍, ശ്യാംജിത്ത്, ക്ഷേമനിധി ഓഫീസര്‍ വി ജി സുമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.