പല കാരണങ്ങളാല്‍ താത്കാലികമായി ലൈസന്‍സ് റദ്ദായ റേഷന്‍ കടകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നു ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. അദാലത്തില്‍ ഇതു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച് കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദു ചെയ്ത് പുതിയ നോട്ടിഫിക്കേഷനിലൂടെ ലൈസന്‍സിയെ കണ്ടെത്തുകയോ ചെയ്യുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എഴുന്നൂറോളം റേഷന്‍ കടകളുടെ ലൈസന്‍സാണ് പല കാരണങ്ങളാല്‍ താത്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടികളില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണു ജില്ലകള്‍ തോറും അദാലത്ത് നടത്തി അടിയന്തര തീരുമാനമെടുക്കുന്നത്. താത്കാലികമായി റദ്ദാക്കിയ റേഷന്‍ കടകള്‍ തൊട്ടടുത്ത റേഷന്‍ കടകളില്‍ അറ്റാച്ച് ചെയ്തു പ്രവര്‍ത്തിക്കുകയാണ്. ഇതു റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണു ലൈസന്‍സ് റദ്ദാക്കിയതിന്റെ ഫയല്‍ പരിശോധിച്ച് ക്രമക്കേടിന്റെ ഗൗരവം മനസിലാക്കി കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദാക്കാനുള്ള നടപടിയെടുക്കുകയോ ചെയ്യുന്നത്.
നടപടികള്‍ പൂര്‍ത്തീകരിച്ച് 2022 ജനുവരി ആദ്യ വാരം സ്ഥിരമായി റദ്ദ് ചെയ്ത കടകള്‍ നോട്ടിഫൈ ചെയ്യും. കെ.ടി.പി.ഡി.എസ്. ഓര്‍ഡര്‍ പ്രകാരമുള്ള സംവരണ തത്വം പാലിച്ചുകൊണ്ടാകും പുതിയ നോട്ടിഫിക്കേഷനുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
